കിഴക്കമ്പലം: തടിയിട്ടപറമ്പ് മനയ്ക്കമൂലയിൽ കഴിഞ്ഞ വർഷം ഫാം ഹൗസിൽ അതിക്രമിച്ചു കയറി ഫാമുടമയെ വെട്ടി പരിക്കേല്പിച്ച കേസിലെ ഒന്നാം പ്രതി ആലുവ തായിക്കാട്ടുകര കടുവ ഷെഫീക്കി (ഷെഫീക്ക് 34) നെ തടിയിട്ടപറമ്പ് സി.ഐ പി.എസ് ശിവകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. 2018 ഡിസംബർ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. മനയ്ക്കമൂലയിൽ വാട്യ്ക്ക് ഫാം നടത്തി വന്ന ജസ്റ്റിനെയും ഫാം ജീവനക്കാരിയേയുമാണ് അക്രമിച്ചത്. ഇവരുടെ രണ്ടര പവൻ മാലയും അര പവൻ മോതിരവും മൂന്ന് ലക്ഷം രൂപയും മൊബൈൽ ഫോണുകളും കാറും കവർച്ച നടത്തിയിരുന്നു. ഇവരെ ഫാം ഹൗസിൽ ഒരുമിച്ച് നിർത്തി ഫോട്ടോയെടുത്ത് ഇൻറർനെറ്റു വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണ്ണവും കവർന്നത്. കേസിലുൾപ്പെട്ട 3 പേരെ പൊലീസ് നേരത്തെ പിടികൂടി . ഒന്നാം പ്രതി ഷെഫീക്കിനെ പിടികൂടിയിരുന്നില്ല. സംഭവം നടന്ന് ഒരു വർഷം ഒളിവിലായിരുന്ന ഷെഫീക്ക് നാട്ടിലെത്തിയതോടെയാണ് പൊലീസ് വലയിലായത്.