കൊച്ചി: സുപ്രീം കോടതി ഉത്തരവനുസരിച്ച് ജനുവരി 11, 12 തീയതികളിൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം എത്തും. പ്രകമ്പനം സമീപത്തെ വീടുകളെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കാനാണ് സംഘം എത്തുക. 200 മീറ്റർ ചുറ്റളവ് ദൂരപരിധി നിശ്ചയിച്ചാണ് പഠനം നത്തുക. സ്ഫോടനം നടത്തുന്ന ദിവസങ്ങളിലും സംഘം സ്ഥലത്തുണ്ടായിരിക്കും. പ്രത്യേക കമ്പ്യൂട്ടർ ഉപയോഗിച്ച് പ്രകമ്പനത്തോത് കണക്കാക്കും.
ദൂരപരിധി അനുസരിച്ചാണ് പ്രകമ്പനം സമീപത്തെ വീടുകളെ ബാധിക്കുകയെന്ന് ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ചുമതലയുള്ള സാങ്കേതിക സമിതിയുടെ വിലയിരുത്തൽ. . പ്രകമ്പനം വ്യാപിക്കാതിരിക്കാൻ കിടങ്ങ് കുഴിക്കുന്നത് പോലുള്ള മുന്നൊരുക്കങ്ങൾ നടത്താനും ആലോചനയുണ്ട്. 20,000 ടണ്ണിലേറെയാണ് ഓരോ ഫ്ലാറ്റുകളുടെയും ഭാരം. ഇത് നിയന്ത്രിത സ്ഫോടനത്തിലൂടെ പലതായി വിഭജിച്ച് 1000 മുതൽ 1500 ടൺ വരെയാക്കി കുറച്ചാണ് ഭൂമിയിലേക്ക് പതിക്കുക.
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിക്കുന്ന ഫ്ലാറ്റുകൾ പൊടിഞ്ഞ് കുത്തനെ താഴേക്ക് വീഴുകയല്ല ചെയ്യുകയെന്നും 37 ഡിഗ്രി ചെരിഞ്ഞാണ് ഫ്ലാറ്റുകൾ പൊളിഞ്ഞുവീഴുകയെന്നും സാങ്കേതിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ കുണ്ടന്നൂർ തേവര പാലം ഇരിക്കുന്നിടത്തേക്കും ആൽഫ സെറീൻ രണ്ട് ടവറുകളുടെയും ഇടയിലുള്ള സ്ഥലത്തേക്കുമാവും വീഴുക. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പൊളിക്കലുകൾ സമീപത്തെ വീടുകളിൽ ഉണ്ടാക്കിയ വിള്ളലുകളെ കുറിച്ചുള്ള സ്ട്രെക്ചറൽ ഓഡിറ്റിംഗ് നടക്കുന്നുണ്ട്. ഒരു സീനിയർ എൻജിനീയർ ഉൾപ്പടെയുള്ള സംഘമാണ് ഓഡിറ്റിംഗ് നടത്തുന്നത്.
ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്നവർ വീടുകളൊഴിഞ്ഞ് പോകുന്നത് തുടരുകയാണ്. ഇൻഷുറൻസിനെ പറ്റിയും ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന കേടുപാടുകളെ പറ്റിയും അധികൃതർക്ക് തന്നെ വ്യക്തതയില്ലാത്തതിനാലാണ് വീടൊഴിയുന്നതെന്ന് സമീപവാസികൾ പറയുന്നു.
പ്രകമ്പനത്തോത്
കെട്ടിടം തകരുമ്പോൾ രൂപപ്പെടുന്ന മർദ്ദം ഭൂമിയിലുണ്ടാകുന്ന ചലനം എത്രത്തോളം എന്നത് കണക്കാക്കിയാണ് പ്രകമ്പനത്തോത് അളക്കുന്നത്ഒരു സെക്കന്റിലെ പ്രകമ്പന തോത് വീടുകളെ ബാധിക്കുന്നത്
25 മില്ലിമീറ്റർ - ബാധിക്കില്ല
50 മില്ലിമീറ്റർ - ബാധിക്കും
100 മില്ലിമീറ്റർ - ഗുരുതരമായി ബാധിക്കും