blsters

കേരള ബ്ലാസ്റ്രേഴ്സ് - നോർത്ത് ഈസ്റ്ര് മത്സരം സമനിലയിൽ

കൊച്ചി: വിജയ മോഹം പൂവണിഞ്ഞില്ല. ബ്ളാസ്‌റ്റേഴ്സ് കോച്ച് ഷട്ടോരിയുടെ മുഖം രൗദ്രം. താരങ്ങളിൽ നിരാശ. കാണികൾ കലിപ്പിൽ. ഐ.എസ്.എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്സ് സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡുമായി 1-1 സമനിലയിൽ ഉപചാരം ചൊല്ലി മടങ്ങി. പത്തു കളികളിൽ ഒരു ജയം മാത്രം. അഞ്ചു സമനില. നാല് തോൽവി. ആദ്യ പകുതിയിൽ ബ്ളാസ്‌റ്റേഴ്സ് പെനാൽറ്റിയിലൂടെ മുന്നിലെത്തിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്രഡ് പെനാൽറ്റിയിലൂടെ തന്നെ മറുപടിയും നൽകി.

സ്‌റ്റേഡിയത്തിൽ ആരാധകർ കുറവായിരുന്നുവെങ്കിലും പതിവു പോലെ മഞ്ഞപ്പടയുടെ ആവേശത്തിന് കുറവില്ലായിരുന്നു. ആദ്യ മിനിട്ടുകളിൽ ബ്ളാസ്‌റ്റേഴ്സിന്റെ കാലുകളിലായിരുന്നു പന്തെങ്കിലും എതിരാളികൾക്ക് ഭീഷണിയായ മുന്നേറ്റങ്ങളുണ്ടായില്ല. ഏഴാം മിനിട്ടിൽ ബോക്സിന് വെളിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത പ്രശാന്ത് തകർപ്പൻ ഷോട്ട് ഉതിർത്തെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളി സുഭാഷിഷ് റോയ് തട്ടിയകറ്റി. തൊട്ടു പിന്നെലെ ലഭിച്ച കോർണറും ബ്ളാസ്‌റ്റേഴ്സ് പാഴാക്കി.

19 ാം മിനിട്ടിൽ അസമാവോ ഗ്യാനിന്റെ ഷോട്ട് ബ്ളാസ്‌റ്റേഴ്സ് ഗോളി രഹനേഷ് മാത്രം മുന്നിൽ നിൽക്കേ പുറത്തേക്ക്. ഭാഗ്യം കൊണ്ടായിരുന്നു ബ്ളാസ്‌റ്റേഴ്സിന്റെ രക്ഷപ്പെടൽ. 32 ാം മിനിട്ടിൽ ബ്ളാസ്‌റ്റേഴ്സ് ക്യാപ്ടൻ ഒഗ്ബെച്ചയേ ബോക്സിന് പുറത്ത് കായ് ഹിയറിംഗ് ഫൗൾ ചെയ്‌ത് വീഴ്ത്തി. ഫ്രീകിക്കെടുത്ത ആർക്കേസിസിന്റെ ഷോട്ട് തട്ടിയകറ്റി സുഭാഷിഷ് വീണ്ടും നോർത്ത് ഈസ്‌റ്റിന്റെ രക്ഷകനായി. തൊട്ടു പിന്നലെ അസമാവേ ബ്ളാസ്‌റ്റേഴ്സ് വല കുലുക്കിയെങ്കിലും ഒഫ് സൈഡായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഷട്ടോരി സഹലിനെ പിൻവലിച്ച് റാഫേൽ മെസിയെ കളത്തിലിറക്കി.

ഓ... ഗോൾ

41 ാം മിനിട്ടിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന്റെ ബോക്സിലേക്ക് ഇടിച്ചു കയറിയ ഒഗ്ബെച്ചയെ ഗോളി സുഭാഷിഷ് റാേയ് ഫൗൾ ചെയ്ത് വീഴ്ത്തി. ബാളാസ്‌റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി. ഒഗ്ബെച്ചയുടെ ഇടത് മൂല ലക്ഷ്യമാക്കിയുള്ള ഷോട്ട് വല കുലക്കിയപ്പോൾ ബ്ളാസ്‌റ്റേഴ്സ് 1 -0 മുന്നിലെത്തി.

50 ാം മിനിട്ടിൽ നോർത്ത് ഈസ്‌റ്റഡ് ബ്ളാസ്‌റ്റേഴ്സിന് മറുപടി നൽകി. റഫറിയുടെ വിവാദ പെനാൽറ്റിയിലായിരുന്നു ആ ഗോൾ. ബ്ളാസ്‌റ്റേഴ്സ് ബോക്സിന് അകത്ത് മധ്യനിര താരം സെത്യാസിംഗിന്റെ കൈകളിൽ ബാൾ കൊണ്ടെന്നായിരുന്നു വിധിയെഴുത്ത്. എന്നാൽ, റീപ്ലെയിൽ ആ ബാൾ ഹെഡറാണെന്ന് വ്യക്തമായിരുന്നു. കിക്കെടുത്ത അസമോ ലക്ഷ്യം കണ്ടു. 1-1. തുടർന്ന് നോർത്ത് ഈസ്‌റ്റിന്റെ മിന്നലാക്രമണങ്ങളിൽ ബ്ളാസ്‌റ്റേഴ്സ് വിറച്ചു.