തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു, വൻ ദുരന്തം ഒഴിവായി.ഉദയംപേരൂർ നടക്കാവ് ജംക്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇതു വഴി വന്ന കാർ നിയന്ത്രണം വിട്ട റോഡിനു പടിഞ്ഞാറു ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ ബസ് കാത്തു നിൽക്കുകയായിരുന്ന ഐ.ഒ.സി.യിലെ സെക്യൂരിറ്റി ജീവനക്കാരൻ പന്തളം സ്വദേശി മുരുകദാസ് (53), കാർ ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ഭാഗത്തു നിന്ന് പൂത്തോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി ബസ് ഷെൽട്ടറിൽ ഇടിച്ചു കയറിയത്. ബസ് സ്റ്റോപ്പിന് താഴെയുള്ള പറമ്പിൽ എത്തിയ ശേഷമാണു കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ ഷെൽട്ടർ പാടെ തകർന്നു വീണു.