കൊച്ചി: ജയകൃഷ്ണന് ഇത് പുതുജന്മം. കോട്ടയം ഏറ്റുമാനൂർ സ്വദേശിനി സീതാ തമ്പി ദാനമായി നൽകിയ വൃക്കയുമായി ഇന്നലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് 19കാരൻ ജയകൃഷ്ണൻ പാലക്കാട്ട് കോട്ടായി പാലത്തുപാറ വീട്ടിലേക്ക് മടങ്ങി.
രണ്ട് വർഷം മുമ്പ് ഗുരുതരമായ വൃക്കരോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജയകൃഷ്ണന് ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരേയൊരു വഴി വൃക്ക മാറ്റി വയ്ക്കുകമാത്രമായിരുന്നു.മൂന്നാം വയസിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് മുത്തശിയുടെ സംരക്ഷണയിലായിരുന്നു ജയകൃഷ്ണൻ. വൃക്ക ലഭിക്കുകയെന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരിക്കെ പാലക്കാട്ടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് ജയകൃഷ്ണന്റെ ചികിത്സ ഏറ്റെടുത്തു. വൃക്ക മാറ്റി വയ്ക്കലിന്റെ ചികിത്സാചെലവ് ഏറ്റെടുക്കാനായിരുന്നു ട്രസ്റ്റിന്റെ തീരുമാനം. അനുയോജ്യമായ വൃക്കയ്ക്കായുള്ള അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോഴാണ് ട്രസ്റ്റിലെ അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് . 47കാരിയായ സീതാ തമ്പി തന്റെ വൃക്കകളിലൊന്ന് ജയകൃഷ്ണന് നൽകാമെന്ന് അറിയിച്ചത്. ഡിസംബർ 10ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മാമൻ എം. ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.