മൂവാറ്റുപുഴ: പതിറ്റാണ്ടുകൾ ചരിത്രമുളള നെയ്ത്ത് വ്യവസായത്തിന് മൂവാറ്റുപുഴയിൽ അന്ത്യമാകുന്നു. ഇവിടുത്തെ തറികളുടെ ശബ്ദം നിലക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന വ്യത്യസ്തമായ ഈ വ്യവസായത്തിന്റെ ശേഷിപ്പുകളൊന്നും ബാക്കിയാക്കാതെ വിസ്മൃതിയിലാഴുകയാണ് തറികളുടെ ശബ്ദം . വെളളൂർക്കുന്നം മുതൽ വാളകം വരെ സഞ്ചരിച്ചാൽ തറികളുടെ ശബ്ദം മാത്രം കേട്ടിരുന്ന കാലമുണ്ടായിരുന്നു. മൊത്തക്കച്ചവടക്കാർ വഴിയും റെപ്രസെന്റേറ്റീവുമാർ മുഖാന്തിരവുമാണ് തോർത്തുകൾ വിറ്റിരുന്നത്. നെയ്ത്തുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ നെയ്തുവ്യവസായത്തിന് ഉണർവുണ്ടായി.

1975ഓടെ മിക്കവാറും നെയ്ത്ത് വ്യവസായം മൂവാറ്റുപുഴയിൽ നിന്നും പൂർണ്ണമായി ഇല്ലാതായി. നെയ്ത്ത് വ്യവസായത്തിലേർപ്പെട്ടവരും തൊഴിലാളികളും ഇതരമേഖലകളിലേയ്ക്ക് കളം മാറി. പട്ടണത്തിന്റെ സമ്പദ്ഘടനയെ ഗണ്യമായി സ്വാധീനിച്ചിരുന്ന മറ്റൊരു വ്യവസായം കൂടി അങ്ങിനെ ഓമ്മയാകുന്നു.

#ഒരിഴ, ഈരിഴ, ചുട്ടി, കര, കളർ എന്നിങ്ങനെ തോർത്തുകളാണ് പ്രധാനമായും നെയ്തിരുന്നത്. നൂറുകണക്കിന് പേർ പണിയെടുത്തിരുന്ന നെയ്ത്തുശാലകളെ കൂടാതെ വീടുകളിൽ തറിയിട്ട് നെയ്യുന്ന രീതിയും ഉണ്ടായിരുന്നു. ഒരർത്ഥത്തിൽ കുടിൽ വ്യവസായം തന്നെ. ആന, ഡബിൾ ആന, പശു, 555, പൂവ് തുടങ്ങിയ നിരവധി ബ്രാന്റുകളിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ ഇവിടുത്തെ തറികളിൽ നെയ്ത തോർത്തുകൾ എത്തിയിരുന്നു.