ticket
ഡാനിയൽ തനിക്ക് ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ സി.എൻ സുന്ദരനെ ഏൽപ്പിച്ചപ്പോൾ. വൈസ് ചെയർമാൻ കെ.ടി സൈഗാൾ,​ ജനറൽ മാനേജർ കെ. ജയപ്രസാദ്,​ ബ്രാഞ്ച് മാനേജർ ലൂസി തോമസ്,​ ശ്രീകുമാർ എന്നിവർ സമീപം

കൊച്ചി: ക്രിസ്മസ് ദിനത്തിൽ നാട്ടിൽ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു സേലം കള്ളിക്കുറിച്ചി സ്വദേശി ഡാനിയേലിന്. ഭാര്യ ഭാഗ്യവും മൂന്ന് മക്കളും നാട്ടിലുണ്ട്. രണ്ടുമാസം പ്രായമുള്ള ഇളയമകളെ കാണാനുള്ള കൊതിയായിരുന്നു ഉള്ള് നിറയെ.

കൈയിലുള്ളത് 500 രൂപ മാത്രം. മനസുതകർന്നാണ് യാത്ര വേണ്ടെന്ന് വച്ചത്. പകരം ആ പൈസകൊണ്ട് ഒരു കെട്ട് ലോട്ടറി ടിക്കറ്റ് വാങ്ങി. പിറ്റേന്ന് ക്രിസ്മസ് ദിനത്തിൽ ഒന്നാം സമ്മാനം അറുപത് ലക്ഷം രൂപ സമ്മാനമായി നൽകി ഉണ്ണിയേശു ഡാനിയലിനെ അനുഗ്രഹിച്ചു.

711618 എന്ന നമ്പറിൽ എടുത്ത പന്ത്രണ്ട് അക്ഷയടിക്കറ്റിൽ ഒന്നിന് ഒന്നാം സമ്മാനം 60 ലക്ഷം രൂപയും ബാക്കിയുള്ളവയ്ക്ക് 10,000 രൂപ സമാശ്വാസ സമ്മാനവും!

20 വർഷം മുമ്പ് തന്റെ 15ാം വയസിലാണ് ഡാനിയൽ കേരളത്തിലെത്തുന്നത്. വൈറ്റിലയിൽ മുള വാടകയ്ക്ക് കൊടുക്കുന്ന കടയിൽ സഹായിയായി ജോലി ചെയ്യുകയാണ് അദ്ദേഹം. നാട്ടിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല. ഭാര്യയും മക്കളും കുറച്ചുനാൾ കേരളത്തിൽ ഡാനിയലിനൊപ്പം നിന്നെങ്കിലും വാടക കൊടുക്കാൻ പോലും പറ്റാതായതോടെ അവരെ തിരികെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. അവിടെ ബന്ധുക്കളുടെ വീട്ടിലാണ് അവർ നിൽക്കുന്നത്. ലോട്ടറി ടിക്കറ്റെടുക്കൽ ഡാനിയലിന്റെ ശീലങ്ങളിലൊന്നാണ്.

ദിവസവും 100 രൂപ മുതൽ 300 വരെ ടിക്കറ്റെടുക്കാനായി മുടക്കും. ഇടയ്ക്ക് 500 രൂപ ഒക്കെ സമ്മാനമായി ലഭിക്കാറുണ്ട്. ക്രിസ്മസിന്റെ മൂന്ന് ദിവസം മുമ്പ് നാട്ടിലേക്ക് പോകാനായി കരുതി വച്ചിരുന്ന 3,000 രൂപ മുഴുവനായി മുടക്കി ലോട്ടറി ടിക്കറ്റെടുത്തിരുന്നു. എന്നാൽ, അതിൽ 100 രൂപ പോലും ലഭിച്ചില്ല.

തൃപ്പുണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിൽ ടിക്കറ്റ് മാറിയെടുക്കാൻ ഏൽപ്പിച്ചിരിക്കുകയാണ് ഡാനിയൽ. സമ്മാനമായി ലഭിച്ച തുക കൊണ്ട് സേലത്ത് ഒരു വീട് പണിത് അവിടെ ജോലി ചെയ്ത് ജീവിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.