അങ്കമാലി: തുറവൂർ പഞ്ചായത്തിലെ വാതക്കാട് പ്രദേശത്ത് ജലലഭ്യത ഉറപ്പാക്കാൻ ഇടമലയാർ കനാലിൽ നിന്ന് സ്ലൂയിസ് വാൽവുകൾ സ്ഥാപിക്കാൻ അനുവാദം ലഭിച്ചു. ഇടമലയാർ കനാൽ കടന്നുപോയിട്ടും വെള്ളം ലഭിക്കാത്ത പ്രദേശമായിരുന്നു വാതക്കാട്. ഇതുമൂലം ഏക്കറുകണക്കിന് ഭൂമിയിൽ കൃഷി ഇറക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. തുറവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രശ്‌നം നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് സ്ലൂയിസ് വാൽവുകൾ സ്ഥാപിക്കാനാണ് അനുവാദം ലഭിച്ചത്. കൊമര ബ്രാഞ്ച് കനാലിലേക്കും പൂണോളി പാടശേഖരത്തിലേക്കുമാണ് വാൽവുകൾ സ്ഥാപിക്കുന്നത്.
സ്ലൂയിസ് വാൽവുകളുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ജെയ്‌സൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസഫ് പാറേക്കാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ധന്യ ബിനു, ലിസി മാത്യു, ഫാ ജോഷി ചിറക്കൽ, അസിസ്റ്റന്റ് എൻജിനിയർ സുജാത എന്നിവർ സന്നിഹിതരായിരുന്നു.