കൊച്ചി: നടൻ ഷെയിൻ നിഗമിന് നിർമ്മാതാക്കൾ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ നടനുമായി ചർച്ചയ്ക്കൊരുങ്ങി താരസംഘടന. ജനുവരി 9ന് കൊച്ചിയിൽ ചേരുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലേക്ക് ഷെയിനിനെ വിളിച്ചുവരുത്തി സംസാരിക്കാനാണ് തീരുമാനം. നിർമ്മാതാക്കളെ മനോരോഗികളെന്നു വിളിച്ച പരാമർശത്തിൽ മാപ്പു ചോദിച്ച് ഷെയിൻ നിഗം കത്തു നൽകിയ പശ്ചാത്തലത്തിലാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.
യോഗത്തിൽ നിഗമിന് പറയാനുള്ളത് കേൾക്കുകയും അമ്മയുടെ നിർദ്ദേശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇരുവശവും ഒത്തുപോയാൽ നിർമ്മാതാക്കളുമായി ചർച്ച നടത്തും. വെയിൽ, കുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും, ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗും പൂർത്തിയാക്കുകയെന്ന നിബന്ധനയാണ് നിർമ്മാതാക്കൾ നടനു മുന്നിൽ വച്ചിരിക്കുന്നത്. അമ്മയുടെ ചർച്ചയ്ക്കു ശേഷം വിഷയത്തിൽ ഇടപെടാനാണ് സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ തീരുമാനം.