കൊച്ചി: നഗരത്തിലെ തന്നെ ഏറ്റവും പ്രധാന്യമേറിയ റോഡാണ് കെ.കെ റോഡെന്ന കലൂർ - കടവന്ത്ര റോഡ്. വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴിലുള്ള ഏക റോഡാണിത്. എന്നാൽ കലൂരിൽ നിന്ന് കടവന്ത്ര വരെയുള്ള ഭാഗത്ത് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ നടപ്പാതകൾ ഒരിടത്തും കാണാൻ കഴിയില്ല. തിരക്കേറിയ റോഡിൽ ജീവൻ പണയപ്പെടുത്തിയാണ് ജനങ്ങളുടെ സഞ്ചാരം.

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനം ആഘോഷങ്ങളുടെ ഭാഗമായി ജി.സി.ഡി.എ കലൂർ-കടവന്ത്ര റോഡിലെ നടപ്പാതയുടെ കതൃക്കടവ് മുതൽ കലൂർ വരെയുള്ള പടിഞ്ഞാറ് ഭാഗത്തെയും കടവന്ത്ര മുതൽ കലൂർ വരെയുള്ള കിഴക്ക് ഭാഗത്തെയും നവീകരണ പ്രവർത്തനങ്ങളും കാന ഉയർത്തലും തുടങ്ങിയിട്ട് മാസങ്ങളേറെയായി. കലൂർ-കടവന്ത്ര റോഡിനെ പദയാത്രാ സൗഹൃദപരമാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമാണ് സർക്കാർ സഹായത്തോടെയുള്ള 2,94,23,349 രൂപ അടങ്കൽ തുകയുള്ള പദ്ധതി നടപ്പാത നിർമ്മാണം ഇഴഞ്ഞിഴഞ്ഞ് നീങ്ങുപ്പോൾ വലയുന്നത് ജനങ്ങളാണ്.

# തിരക്കോട് തിരക്ക്

തമ്മനം - പുല്ലേപ്പടി റോഡിലൂടെ വന്നുകയറുന്ന വാഹനങ്ങളും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകളും ഇതുവഴി സർവീസ്‌ നടത്തുന്ന ബസുകളുമൊക്കെയാകുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് ഏതുസമയവും .

# റോഡ് കയ്യേറി പാർക്കിംഗ്

കെ.കെ. റോഡിൽ കലൂർ ജംഗ്ഷനിൽ നിന്ന് ഏതാണ്ട് അര കി.മീ ദൂരം റോഡരികിൽ സ്ഥിരം പാർക്കിംഗാണ്. തിരക്കുള്ള സമയത്തുപോലും റോഡിന്റെ പകുതിയോളം കടന്നാണ് പല വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. നടപ്പാതയിലെ അനധികൃത പാർക്കിംഗും സ്ഥലം കൈയേറിയുള്ള കച്ചവടവും മുറയ്ക്ക് നടക്കുന്നുണ്ട്

# മേല്പാലയാത്ര കഠിനം

കതൃക്കടവ് മേല്പാലം പരിസരമെത്തിയാൽ വലിയ ഗതാഗതക്കുരുക്കാണ്. വളരെ മോശമാണ് പാലത്തിന്റെ സ്ഥിതി. പാലത്തിന്റെ നടപ്പാതയിലെ ടെെലുകളിളകി റോഡിൽ കിടക്കുകയാണ്. പാലത്തിൽ ടാറിളകിപ്പോയപ്പോൾ, പകരമിട്ട ടൈലുകളും തകർന്നു.

.

#രണ്ടു മാസത്തിനുള്ളിൽ നടപ്പാത പൂർത്തീകരിക്കും

നടപ്പാതകളില്ലാതെ കാൽനടയാത്രക്കാർ കഷ്ടപ്പെടുന്നത് വിഷമകരമാണ്. ഡ്രെയിനേജുകളുടെ പണി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. രണ്ടരമീറ്ററോളം ആഴത്തിലും ഒന്നര മീറ്ററോളം വീതിയിലുമാണ് ഇവയുടെ നിർമ്മാണം . ഇതുമൂലം വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കപ്പെടും. അടുത്തമാസം പകുതിയോടെ ടെെൽ വിരിക്കൽ തുടങ്ങും. മാർച്ച് ആദ്യത്തോടെ നടപ്പാതകളിൽ കൂടിയുള്ള യാത്ര സാദ്ധ്യമാകും. 2016ൽ കടവന്ത്ര മുതൽ കുമാരനാശാൻ കവല വരെയുള്ള ഭാഗത്തെ പടിഞ്ഞാറ് വശത്തെ നടപ്പാത ജിസിഡിഎ നവീകരിച്ചിരുന്നു. കതൃക്കടവ് മേല്പാലം മുതൽ കടവന്ത്ര വരെയുള്ള റോഡ്

റബറെെസ്ഡ് ചെയ്യാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

വി. സലിം ജി.സി.ഡി.എ.ചെയർമാൻ