ഫോർട്ട് കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ പൈതൃകനഗരി അണിഞ്ഞൊരുങ്ങി. ഈ മാസം 8 ന് സെന്റ്. ഫ്രാൻസിസ് പള്ളിയങ്കണത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നു മുതൽ ഫോർട്ടുകൊച്ചിയിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും കുത്തൊഴുക്കാണ്. നാളെ രാവിലെ മുതൽ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നത് കാണാൻ വിവിധ ജില്ലകളിൽ നിന്നുള്ളവർ എത്തി തുടങ്ങും. ഇന്നലെ നടന്ന ബൈക്ക് റേസ് കാണാൻ വിവിധ ജില്ലകളിൽ നിന്നും വൻ പുരുഷാരമാണ് ഒഴുകി എത്തിയത്. 31ന് രാത്രി 12 ന്പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും സൈറൺ മുഴങ്ങുന്നതോടെ ഇവിടത്തെ കൂറ്റൻ പപ്പാഞ്ഞി അഗ്നിക്കിരയാകും. തുടർന്ന് ആട്ടവും പാട്ടും നൃത്തചുവടുകളുമായി പതിനായിരക്കണക്കിന് സ്വദേശികളും വിദേശികളും ആഘോഷത്തിൽ പങ്ക് ചേരും. രാത്രി 12 ന് ശേഷം നാട്ടുകാർക്ക് വീടുകളിലേക്ക് പോകുന്നതിനായി പ്രത്യേകം ബസ് - ബോട്ട് സർവീസ് അധികൃതർ ഒരുക്കിയിട്ടുണ്ട്. ജനുവരി 1 ന് വൈകിട്ട് 3ന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നും വർണാഘോഷയാത്രയോടെ കാർണിവൽ റാലിക്ക് തുടക്കം കുറിക്കും. ഗജമേളത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന റാലിയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കും. റാലിയിൽ ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയ നിശ്ചല ദൃശ്യങ്ങളും, മലബാർ തെയ്യം, വിവിധ തരം കാവടികൾ തുടങ്ങി നിരവധി കലാരൂപങ്ങൾ അണിനിരക്കും.ഹൈബി ഈഡൻ എം.പി, മേയർ സൗമിനി ജെയിൻ, എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, എം.സ്വരാജ്, ജില്ലാ കളക്ടർ എസ്.സുഹാസ് തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ അണിനിരക്കും. തുടർന്ന് രാത്രി 8 ന് പരേഡ് മൈതാനിയിൽ സമ്മാനദാന ചടങ്ങ് നടക്കുന്നതോടെ ഒരു മാസം നീണ്ട് നിന്ന പരിപാടികൾക്ക് തിരശീല വീഴും. ഇന്നും നാളെയും ഒന്നാം തിയതിയിലും ഡി.ജെ.ഷോ, ഗാനമേള, മച്ചാൻസ് മ്യൂസിക്ക് ഫെസ്റ്റ് എന്നി പരിപാടികളും ഒരുക്കിയിട്ടുണ്ട്.

വൻ സുരക്ഷയൊരുക്കി പൊലീസ്

പടിഞ്ഞാറൻ കൊച്ചിയിലേക്ക് വരുന്ന ഹാർബർപാലം, ബി.ഒ.ടി. പാലം, കണ്ണങ്ങാട്ട് പാലം തുടങ്ങിയ സ്ഥലങ്ങളിൽ വൻ സുരക്ഷാ സന്നാഹമാണ് മട്ടാഞ്ചേരി അസി.കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. മഫ്ടിയിലും വനിതാ പൊലീസിനെ വിന്യസിപ്പിക്കും. ബീച്ചിലും പരിസരത്തും സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറുന്നവരെ കയ്യോടെ പൊക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.