പെരുമ്പാവൂർ: കാഞ്ഞിരക്കാട് ജമാഅത്ത് കമ്മിറ്റി ഓഫീസിൽ പണവും ഭണ്ഡാരതാക്കോലുകളും കവർന്നു. രാവിലെ ഓഫീസ് തുറക്കുന്നതിനായി ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിന്റെ പൂട്ട് തകർത്തു അകത്തു കടന്ന് മേശവലിപ്പിൽ സാധു സംരക്ഷണ ഫണ്ടിനത്തിൽ സൂക്ഷിച്ചിരുന്ന 21000 രൂപയും പള്ളി ഫണ്ടും അടക്കം 52000 രൂപയും കൂടാതെ പള്ളിയുടെ ഭണ്ഡാരങ്ങളുടെ താക്കോൽ കൂട്ടങ്ങളും കവർന്നിട്ടുണ്ട്. ജമാഅത്ത് കോംബൗണ്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പെരുമ്പാവൂർ സി.ഐ പി.എ ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.