കൊച്ചി: 'നന്മയിലേക്ക് നടക്കാം,പ്ലാസ്റ്റിക്കിനോട് വിട പറയാം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കൊച്ചി നഗരസഭ 50ാം ഡിവിഷൻ കമ്മിറ്റിയും ,റോട്ടറി ക്ലബ്ബ് തൃപ്പൂണിത്തുറയും, കലാസംസ്‌കാരിക കേന്ദ്രം പൂണിത്തുറയും ചേർന്ന് സംഘടിപ്പിച്ച ഗോ ഗ്രീൻ വാക്കത്തോൺ ജനശ്രദ്ധയാകർഷിച്ചു.ഗാന്ധിസ്‌ക്വയർ മിനി പാർക്കിംഗിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കൊച്ചി നഗരസഭ കൗൺസിലർ വി.പി.ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ അർ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബിനു, ഗീത സുരേഷ്, റെജി രാമൻ, കെ.എ സുരേഷ് ബാബു, കെ.എം ബാബു, റോയി തെക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സംസ്ഥാനത്ത് നിരോധിക്കുന്ന ചരിത്രപരമായ തീരുമാനം വിജയിപ്പിക്കുവാനും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. കുടുംബശ്രീ പ്രവർത്തകർ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ വ്യാപാരികൾ തുടങ്ങിയവർ വാക്കത്തോണിൽ അണിനിരന്നു. റോട്ടറി ക്ലബ്ബ് തൃപ്പൂണിത്തുറയും, വെൽസോ മെഡിസിനും സ്‌പോൺസർ ചെയ്ത തുണി സഞ്ചികൾ വാക്കത്തോണിൽ പങ്കെടുത്തവർക്ക് നൽകി.