കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി വെറും പന്ത്രണ്ടുദിനങ്ങൾ മാത്രം ബാക്കി. ജനുവരി 11ന് രാവിലെ 11ന് ആദ്യ ഫ്ലാറ്റ് തകർന്ന് വീഴും.

സെക്കന്റുകൾ കൊണ്ട് എല്ലാ ഫ്ലാറ്റുകളും പൊളിച്ചുമാറ്റുമെന്ന് വിദഗ്ദ്ധർ അവകാശപ്പെടുമ്പോൾ സമീപവാസികളുടെ ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല. പല തവണ ചർച്ച നടത്തിയിട്ടും ആശങ്കകൾക്ക് പരിഹാരമേകാൻ അധികൃതർക്ക് ആയിട്ടില്ല. അതേസമയം, മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നത് സമീപത്തെ വീടുകൾക്കും മനുഷ്യർക്കും മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും ദോഷകരമായി ബാധിച്ചേക്കാമെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് പറയുന്നു.

ഐ.ഐ.ടി റിപ്പോർട്ട് അനുസരിച്ച്

നാശനഷ്ടത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ :

കെട്ടിടത്തിന്റെ വലിപ്പം - വലിപ്പം കൂടുന്തോറും ആഘാതവും കൂടും

കെട്ടിടനിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ - അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഈ വസ്തുക്കളെ ആശ്രയിച്ചിരിക്കും

പൊളിച്ചുമാറ്റൽ രീതി - പൊടിപടലത്തിന്റെ തോത് ഇതിനെ ആശ്രയിച്ചിരിക്കും. ശബ്ദമലിനീകരണവും പ്രകമ്പനവും പൊളിച്ചുമാറ്റൽ രീതിയെ ആശ്രയിച്ചാണിരിക്കുന്നത്

പരിസരം - അന്തരീക്ഷ, ശബ്ദ മലിനീകരണം, പ്രകമ്പനം എന്നിവ എത്രത്തോളം ചുറ്റുമുള്ളവയെ ബാധിക്കും. ചുറ്റുപാടുമുള്ള പരിസരമെന്നതിൽ താമസമുള്ളതോ ഇല്ലാത്തതോ ആയ വീടുകൾ, റോഡ്, ജലാശയങ്ങൾ, വൃക്ഷലതാദികൾ, അതിലുള്ള ജീവജാലങ്ങൾ എന്നിവ ഉൾപ്പെടും.

മുൻകരുതൽ - പൊളിക്കുന്നതിന് മുമ്പ് എടുക്കുന്ന മുൻകരുതലും ഉണ്ടായേക്കാവുന്ന ആഘാതത്തെ സ്വാധീനിക്കും

പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ആഘാതം

1.

വായു മലിനീകരണം - കെട്ടിടം പൊളിച്ചുമാറ്റുന്നത് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തിൽ പ്രധാനം വായു മലിനീകരണമാണെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് പറയുന്നു. പൊളിക്കുമ്പോൾ ഉയരുന്ന പൊടിപടലം അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് അന്നേദിവസത്തെ കാറ്റിനെ ആശ്രയിച്ചിരിക്കുമെന്നും ആസ്തമ പോലുള്ള ശ്വാസസംബന്ധമായ അസുഖമുള്ളവർ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2.

ശബ്ദമലിനീകരണം- കെട്ടിടം പൊളിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു കിലോമീറ്റർ ദൂരെ വരെ കേൾക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 250 മീറ്റർ ദൂരപരിധിയിൽ ശബ്ദമലിനീകരണം 80 ഡെസിബൽ വരെയാകാം. ഇത് ചുറ്റിനും താമസിക്കുന്ന മനുഷ്യരെ മാത്രമല്ല, പക്ഷി,മൃഗാദികളെയും ദോഷകരമായി ബാധിക്കും.

3.

പ്രകമ്പനം - നിയന്ത്രിത സ്ഫോടനം വഴിയുണ്ടാകുന്ന ഏറ്റവും വലിയ ആഘാതം ഭൂമിയിലുണ്ടാകുന്ന പ്രകമ്പനമാണ്. ഭൂമിയുടെ സ്ഥാനചലനം, കെട്ടിടങ്ങളുടെ അടിത്തറ ഇളകൽ, പൊളിക്കുമ്പോൾ കെട്ടിട വസ്തുക്കൾ തെറിച്ചു പോകൽ, ഭൂമിയിലുണ്ടാകുന്ന വിള്ളൽ എന്നിങ്ങനെ പലതരത്തിലാണ് പ്രകമ്പനം ബാധിക്കുക.

ആദ്യഫ്ലാറ്റ് പൊളിയുന്നത് ഇങ്ങനെ:

ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോർ. നാലു ഘട്ടങ്ങളായാണ് ഹോളി ഫെയ്ത് എച്ച്.ടു.ഒ പൊളിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലെ സ്‌ഫോടനത്തിനു ശേഷം 6.4 സെക്കന്റുകളുടെ വ്യത്യാസത്തിൽ 16,11, 9 നിലകളിൽ സ്‌ഫോടനം നടത്തും.

ഘട്ടങ്ങളായി പൊളിക്കുന്നതാണ് സുരക്ഷിതമെന്നതിനെ തുടർന്നാണ് ഇത്തരത്തിൽ പൊളിക്കുന്നത്. ഒറ്റയടിക്ക് പൊളിക്കുമ്പോഴുണ്ടാകുന്ന വലിയ പ്രകമ്പനം കുറയ്ക്കാനും അതുവഴി സമീപത്തെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാനും സാധിക്കും.

സ്‌ഫോടനം നടത്തുന്നതിനായി ഹോളി ഫെയ്ത് എച്ച്.ടു.ഒ ഫ്‌ളാറ്റിന്റെ തൂണുകളിലും ചുമരുകളിലുമായി 32 മില്ലീ മീറ്റർ വിസ്തീർണമുള്ള 1406 ദ്വാരങ്ങളുണ്ടാക്കി അതിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കും. ഫ്ലാറ്റിന് ചുറ്റും വലിയ കിടങ്ങുകൾ നിർമ്മിക്കും. പൊളിക്കൽ ദിനങ്ങളിൽ സമീപത്തെ വീടുകളിലെ മുഴുവൻ ആളുകളെ ഒഴിപ്പിക്കും. തേവര- കുണ്ടന്നൂർ പാലം വഴിയുള്ള ഗതാഗതവും നിർത്തിവെയ്ക്കും.