കൊച്ചിജ പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി കാസർകോട് കരിപേടകം സ്വദേശി ജോഷി തോമസിനെ (42) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റു ചെയ്‌തു.
ബംഗളുരൂ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സെന്റ് ജോർജ് പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇടനിലക്കാരിയായി പ്രവർത്തിച്ച മാർഗരറ്റ് ഏതാനും നാൾ മുമ്പ് പൊലീസ് പിടിയിലായിരുന്നു.
തട്ടിപ്പിനിരയായ 45 പേരുടെ പരാതിയിലാണ് ജോഷി തോമസിനെ അറസ്റ്റ് ചെയ്തത്. വിദേശത്തിരുന്നായിരുന്നു ഇയാൾ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നും വിദേശത്തേക്ക് കടന്നു.
വിവിധ ജില്ലകളിലെ സ്റ്റേഷനുകളിൽ ജോഷി തോമസിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബയ് വിമാനത്താവളത്തിലെത്തിയ സമയത്താണ് സൗത്ത് പൊലീസ് ജോഷിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ എ.വിനോജ്, സി.കെ അനിൽകുമാർ, എ.എസ്.ഐ ജോസ് അഗസ്റ്റിൻ, സി.പി.ഒ ലാലൻ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.