കൊച്ചി: സനാതന ധർമ്മത്തെ സാധാരണ ജനമനസുകളിലേയ്ക്ക് എത്തിച്ച സന്യാസിശ്രേഷ്ഠനാണ് ഉഡുപ്പി മാദ്ധ്വ സഭയുടെ ആത്മീയ ഗുരുവായ പേജവാർ മഠം സ്വാമി വിശ്വേശരതീർത്ഥയെന്ന് അനുസ്മരണ സന്ദേശത്തിൽ സഭ കേരള ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പോറ്റി പറഞ്ഞു.

ആധുനികതയുടെ മാസ്മരിക ലോകത്തിലും ധർമ്മാചരണങ്ങൾക്കും, രാഷട്രധർമ്മത്തിനും വേണ്ടി ശക്തമായ നിലപാടുകൾ സ്വാമി സ്വീകരിച്ചു. മാനവ സേവയെ യഥാർത്ഥ മാധവസേവയായി കണ്ട് മാതൃകാ പ്രവർത്തനം കാഴ്ച്ചവെയ്ക്കാൻ സ്വാമി പ്രചോദനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വൈകീട്ട് എം.ജി റോഡിലെ മാധവമന്ദിറിൽ നടന്ന ചടങ്ങിൽ സ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്പാപാർച്ചനയും തുടർന്ന് വിഷ്ണു സഹസ്രനാമ പാരായണവും നടന്നു. യോഗത്തിൽ വി.സുന്ദർ റാവു , പി.ആർ. വിശ്രുത്, സി.ജി. രാജഗോപാൽ എന്നിവർ സ്വാമിയെ അനുസ്മരിച്ചു.