കൊച്ചി: നിർഭയ ദിനത്തിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി നടത്തിയ നൈറ്റ് വാക്കിൽ കൊച്ചി നഗരത്തിൽ പങ്കെടുത്തത് നിരവധി സ്ത്രീകൾ. രാത്രി 11 മുതൽ അർദ്ധരാത്രി ഒരുമണിവരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 'സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും എന്ന സന്ദേശമുയർത്തി പിടിച്ചായിരുന്നു സർക്കാർ വ്യത്യസ്തരീതിയിൽ ബോധവൽകരണ പരിപാടി നടത്തിയത്. കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ നൂറ് നഗരങ്ങളാണ് നൈറ്റ് വാക്കിനായി തിരഞ്ഞെടുത്തത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ അകാരണമായ ഭയവും സുരക്ഷതമില്ലായെന്ന ചിന്തയും ഏറിയപങ്കും സ്ത്രികളെ അലട്ടുന്നു. ഇതിൽ നിന്നൊരു മാറ്റമെന്ന ലക്ഷ്യമാണ് പ്രധാനമായും നൈറ്റ് വാക്കിലൂടെ ലക്ഷ്യമിടുന്നത്. വോളന്റിയർമാരുടെ സഹായത്തോടെ ആഴ്ച്ചതോറും തെരഞ്ഞെടുത്ത നഗരങ്ങളിൽ നൈറ്റ് വാക്ക് സംഘടിപ്പിക്കുവാനും വനിതാശിശു വികസന വകുപ്പ് പദ്ധതിയിടുന്നുണ്ട്.