prasadkpanicker

കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ റിഫൈനറിയാക്കി മാറ്റിയ 16,500 കോടി രൂപയുടെ സംയോജിത റിഫൈനറി വിപൂലീകരണ പദ്ധതിക്ക് (ഐ.ആർ.ഇ.പി) ചുക്കാൻ പിടിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കർ ഇന്ന് വിരമിക്കും.

ഏഴു വർഷം എക്‌സിക്യുട്ടീവ് ഡയറക്ടർ സ്ഥാനം വഹിച്ചാണ് അദ്ദേഹം വിരമിക്കുന്നത്. റിഫൈനറി പെട്രോകെമിക്കൽ രംഗത്തേക്ക് ചുവടുവച്ചത് അദ്ദേഹം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരിക്കുമ്പോഴാണ്. ഒന്നാംഘട്ടം അവസാനഘട്ടത്തിലും രണ്ടാംഘട്ടമായ പോളിയോൾ പദ്ധതി പ്രാരംഭ ഘട്ടത്തിലുമാണ്. ബി.പി.സി.എൽ ഏഴു വർഷം കൊണ്ട് റിഫൈനറിയിൽ നടപ്പാക്കിയ 30,000 കോടി രൂപയുടെ പദ്ധതികളിലൂടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കുകയും പ്രദേശത്തിന്റെ വികസനത്തിന് സഹായകരമാവുകയും ചെയ്തു.

തൃശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് എം.ബി.എയും നേടിയ പ്രസാദ്, 1982ലാണ് കൊച്ചി റിഫൈനറിയിൽ ജോലിയിൽ പ്രവേശിച്ചത്. വിവിധ വികുപ്പുകളിൽ സേവനം അനുഷ്ടിച്ച അദ്ദേഹം മുംബയ് റിഫൈനറിയിലെ ഓപ്പറേഷൻസ് വിഭാഗം ജനറൽ മാനേജറായിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ വിമാന ഇന്ധനം കൈകാര്യം ചെയ്യാൻ രൂപീകരിച്ച 'ബി.പി.സി.എൽ - കിയാൽ ഫ്യുവൽ ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലും കൊച്ചി - സേലം പൈപ്പ്‌‌ലൈൻ പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്‌ടർ ബോർഡ് അംഗമാണ്. തൃശൂർ ഗവ.എൻജനീയറിംഗ് കോളേജ്, കുസാറ്റ് എന്നിവയുടെ ഗവേണിംഗ് കൗൺസിൽ അംഗവും കൊച്ചിൻ പോർട്ട് ട്രസ്‌റ്റ് അംഗവുമായിരുന്നു. കോട്ടയം മൂലേടം അമ്പാട്ട് കുടുംബാഗമാണ് പ്രസാദ് കെ. പണിക്കർ.