കൊച്ചി: പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സാജു നവോദയ ഇന്നലെ ചങ്ങമ്പുഴ പാർക്കിലെത്തിയെ കാണികളെ കണ്ണീരിലാഴ്ത്തി. 19 വർഷമായി താനും ഭാര്യയും അനുഭവിക്കുന്ന വേദന നാടകമായി അവതരിപ്പിക്കുകയായിരുന്നു സാജു. കൂട്ടിന് ഭാര്യ രശ്മിയും. കണ്ണൂർ സ്വദേശിയായ നാടക കലാകാരൻ നവ്ജിത്ത് നാരായണൻ സംവിധാനം ചെയ്ത ഉന്നാവോ എന്ന നാടകവുമായാണ് സാജുവും രശ്മിയുമെത്തിയത്.
സ്റ്റേജുകൾ പുത്തരിയല്ല സാജുവിന്. എന്നാൽ, രശ്മിയ്ക്ക് നേർവിപരീതവും. കഴിഞ്ഞ വർഷം സാജുവിന്റെ സഹോദരൻ ചെയ്ത നാടകത്തിൽ ഒരു നടി പോയപ്പോൾ പകരക്കാരിയായി വേഷമിട്ട പരിചയം മാത്രമേ രശ്മിയ്ക്ക് തട്ടുമായുള്ളൂ. പക്ഷേ, ആ നാടകം അവതരിപ്പിച്ചതിന് ശേഷം സാജുവിന്റെയും രശ്മിയുടെയും മനസ്സിൽ ഒരാഗ്രഹം വന്നു. ഇരുവരും ഒന്നിച്ച് ഒരു നാടകം. നവ്ജിത്തിനോട് ഈ ആഗ്രഹം പങ്കുവെച്ചു. അങ്ങനെയാണ് 'ഉന്നാവോ'യുടെ തുടക്കം.
വേദന നാടകമായപ്പോൾ
ഉന്നാവോയുടെ ആശയം സാജുവിന്റേത് തന്നെയാണ്. സ്വന്തം ജീവിതമാണ് ആ ആശയത്തിന് പിന്നിൽ. 19 വർഷമായി വിവാഹിതരായിട്ടും ഒരു കുഞ്ഞില്ലെന്ന ദു:ഖം. സമൂഹത്തിൽ അതേക്കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ, ചോദ്യങ്ങൾ, ചികിത്സ എന്നിങ്ങനെ കുഞ്ഞില്ലായ്മയുടെ വിവിധ വശങ്ങളാണ് ഉന്നാവോ ചർച്ച ചെയ്യുന്നത്. കൂടെ മാതാപിതാക്കളുടെ അമിത സ്നേഹം കുട്ടികളുടെ ജീവിതം ഇല്ലാതാക്കുന്നത് പോലുള്ള വിഷയങ്ങളും.
മൂന്ന് കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്. നായകൻ സുകുവും പെണ്ണേ എന്ന് സുകു വിളിക്കുന്ന ഭാര്യയും ഭാര്യയുടെ അച്ഛന്റെ കഥാപാത്രവും. ഇതിൽ പുരുഷവേഷങ്ങൾ രണ്ടും സാജു തന്നെയാണ് ചെയ്തത്. രശ്മി പെണ്ണായി. ഉത്തരേന്ത്യൻ വേഷത്തിലായിരുന്നു കഥാപാത്രങ്ങളെങ്കിലും നാടകം പറഞ്ഞത് ഏതുനാട്ടിലെയും ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളാണ്. സിനിമാത്തിരക്കുകൾക്കിടയിലും പത്തുദിവസം നാടകത്തിന്റെ റിഹേഴ്സലിനായി സാജു മാറ്റിവച്ചു. പ്രദീപ് താമരക്കുളമാണ് നാടകം രചിച്ചത്.