കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കോട്ടൂരാണ് കുറ്റ്യാറച്ചിറ. കറുകപ്പിള്ളി, കിങ്ങിണിമറ്റം, തോന്നിക്ക, പാറേക്കാട്ടി കവല, നിരപ്പാമല ഭാഗത്തെ നൂറിലേറെ വീടുകളിലേയ്ക്ക് നേരിട്ട് കുടിവെള്ളമാത്തിക്കുന്നത് ഈ ചിറയിൽ നിന്നുമാണ്.ചിറയുടെ ഒരു ഭാഗത്ത് പമ്പ് ഹൗസും കിണറും സ്ഥാപിച്ചാണ് കുടിവെള്ളമെടുക്കുന്നത്.
രണ്ട് വർഷം മുമ്പ് കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചതാണ് ചിറ.
പിന്നീട് വർഷാവർഷം ചെയ്യേണ്ട ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങി. അതോടെ ചിറയിൽ പുല്ലും, പായലും നിറഞ്ഞു.
നിരവധി ആളുകൾ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും ചിറ ഉപയോഗപ്പെടുത്തിയിരുന്നു. ചിറയ്ക്ക് ഒരേക്കറോളം വിസ്തൃതിയുണ്ട്
മാലിന്യ കൂമ്പാരം
പുല്ലു നിറഞ്ഞതോടെ മാലിന്യ വാഹിനിയായി. മദ്യ കുപ്പികളും മറ്റ് മലിന വസ്തുക്കളും ചിറയിലേയ്ക്ക് വലിച്ചെറിയുന്നു.
എക്കാലവും ജല സമൃദ്ധമായ ചിറ,പുല്ലു നിറഞ്ഞതോടെ വെള്ളത്തിന്റെ നിറം മാറി, ഇതോടെ ചിറ ഉപയോഗ ശൂന്യമാകുമോ എന്നാണ് നാട്ടുകാരുടെ ഭീതി. ചിറയുടെ സംരക്ഷണ ഭിത്തി നേരത്തെ പൊളിഞ്ഞത് അറ്റകുറ്റ പണി പൂർത്തിയാക്കിയെങ്കിലും ചിലയിടങ്ങളിൽ വീണ്ടും പൊളിഞ്ഞിരിക്കുകയാണ്.
വിതരണം ചെയ്യുന്നത് ശുദ്ധ ജലമാണ്
ചിറയിൽ നിന്ന് സൂപ്പർ ക്ളോറിനേഷൻ നടത്തിയാണ് വെള്ളം പമ്പു ചെയ്യുന്നത്, ആഴ്ചയിലൊരിക്കൽ വെള്ളം പരിശോധനയ്ക്കും അയക്കുന്നുണ്ട്, ചിറയുടെ ഒരു ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ കിണറിൽ നിന്നുമാണ് വെള്ളമെടുക്കുന്നത്. അതു കൊണ്ട് തന്നെ വിതരണം ചെയ്യുന്നത് ശുദ്ധ ജലമാണ്.
രതീഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി ചൂണ്ടി
ചിറ നന്നാക്കിയെടുക്കും
നിലവിലുള്ള പഞ്ചായത്തലെ വാർഷിക പദ്ധതിയിൽ ചിറയുടെ പുനരുദ്ധാരണത്തിന് ഫണ്ട് ഉണ്ടായിരുന്നില്ല, അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ നന്നാക്കിയെടുക്കും.
പഞ്ചായത്തംഗം പി.ജെ കുര്യാച്ചൻ
പഞ്ചായത്തിന് പരിമിതിയുണ്ട്
ചിറകളുടേയും തോടുകളുടേയും പുനുരുദ്ധാരണത്തിന് പഞ്ചായത്തുകളാണ് തുക കണ്ടെത്തേണ്ടത്. ജില്ലാ പഞ്ചായത്തിന് ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതിയുണ്ട്.
ജോർജ് ഇടപ്പരത്തി, ജില്ലാ പഞ്ചായത്തംഗം