കൊച്ചി: പൗരത്വ ഭേദഗതി നിയമം മുഴുവൻ സംസ്ഥാനങ്ങളും നടപ്പിലാക്കിയേ മതിയാകൂവെന്ന് കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റാണ് നിയമം പാസാക്കിയത്. അത് നടപ്പാക്കുന്നതിൽ നിന്ന് ഒരു സംസ്ഥാനത്തിനും ഒഴിഞ്ഞു നിൽക്കാനാവില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ മതപീഡനത്തിന് ഇരയായ ന്യൂനക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. ഇന്ത്യയിലെ ഒരു മുസ്ളിം പൗരനെയും നിയമം ബാധിക്കില്ല. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. യു.പി.എ സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ കോൺഗ്രസ് ദുഷ് പ്രചാരണങ്ങൾ രാജ്യമാകെ നടത്തുകയാണ്. 2008 ൽ പാർലമെന്റിൽ മൻമോഹൻസിംഗ് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടതാണ്. പിന്നെ എന്തിനാണ് ഇപ്പോൾ സമരം നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.