കാലടി: മലയാറ്റൂർ മണപ്പാട്ടുചിറ നക്ഷത്രത്തടാകം മെഗാ കാർണിവൽ ഇന്ന് അർദ്ധരാത്രിയോടെ സമാപിക്കും. ചിറയുടെ പരിസരത്ത് ഒരുക്കിയിട്ടുള്ള 80 അടിയോളം ഉയരമുള്ള പപ്പാഞ്ഞിയെ അർദ്ധരാത്രിയോടെ ഡി.ജെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അഗ്നിക്കിരയാക്കുന്നതോടെ പുതുവർഷപ്പുലരിയെ വരവേൽക്കും. 110 ഏക്കർ വിസ്തൃതിയുള്ള മണപ്പാട്ട് ചിറക്ക് ചുറ്റും 10119 നക്ഷത്രങ്ങൾ നിരകളായി കോർത്തിണക്കിക്കൊണ്ടാണ് തടാകം വർണാഭമാക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 30ന് നക്ഷത്രം തെളിക്കുന്നതോടെ കാർണിവെലിന് തുടക്കമാകും.
ഇന്ന് വൈകിട്ട് 6 30ന് നടക്കുന്ന സമപന സമ്മേളനത്തിൽ ബെന്നി ബഹനാൻ എംപി, റോജി എം ജോൺ എം.എൽ.എ, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. രാത്രി 11 മണിയോടെ ആരംഭിക്കുന്ന ഡിജെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പപ്പാഞ്ഞിയെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കത്തിക്കും. തുടർന്ന് വെടിക്കെട്ടോടെ കാർണിവെലിന് തിരശീല വീഴും. ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി, മലയാറ്റൂർ ജനകീയ വികസന സമിതി എന്നിവരാണ് സംഘാടകർ.