ആലുവ: മയക്കുമരുന്ന് കേസുകളിൽപ്പെടുന്നവരുടെ പേരിലുള്ള വസ്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ റൂറൽ ജില്ലയിൽ ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. എൻ.ടി.പി.എസ് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. റൂറൽ ജില്ലയിൽ മൂന്ന് പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് ഇതിനകം നടപടിയാരംഭിച്ചിട്ടുണ്ട്. ഗുണ്ടാപ്രവർത്തനം തടയുന്നതിനായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തി കേസെടുക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു.

ആലുവയിൽ സി.ഐ ഉടൻ

ആലുവ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ചുമതല സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉടൻ ഏറ്റെടുക്കുമെന്നും എസ്.പി പറഞ്ഞു. സി.ഐ വി.എസ്. നവാസിനെ ആലുവ എസ്.എച്ച്.ഒയായി നിയമിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ശബരിമല ഡ്യൂട്ടിയിലാണെന്നും മടങ്ങിയെത്തിയാൽ ഉടൻ ചുമതലയേൽക്കുമെന്നും എസ്.പി പറഞ്ഞു.