sndp
വെങ്ങോല ശ്മശാനം ആധുനീക വല്ക്കരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ശാഖ ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കുന്നു

അറയ്ക്കപ്പടി: ശ്മശമുണ്ട്, സംസ്ക്കാരമില്ല വെങ്ങോല പഞ്ചായത്തുകാർ മൃതദേഹവുമായി നേട്ടോട്ടമോടുന്നു.പഞ്ചായത്തിന് സ്വന്തമായി ശ്മശാനമുണ്ടായിട്ടും സംസ്കാരത്തിന് ഇപ്പോഴും വിദൂര സ്ഥലങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.സംസ്ക്കാരത്തിന് ആംബുലൻസിനടക്കം ഭാരിച്ച ചിലവാണ് വരുന്നത്. പഞ്ചായത്തിലെ ചുണ്ടമലയിൽ നിലവിലുള്ള ശ്മശാനം ആധുനികവത്കരിക്കണമെന്നാണ് ആവശ്യം.

ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. എന്നാൽ മറ്റു സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അനാഥ മരണങ്ങളും,സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്തവർ മരിക്കുമ്പോഴും മാത്രമാണ് ഇവിടെ സംസ്കരിക്കാറുള്ളത്. നിലവിൽ കുഴിയെടുത്തുള്ള സംസ്ക്കാരം മാത്രമാണ് നടക്കാറുള്ളത്.

കാടു പിടിച്ച് ശ്മശാനം

ശ്മശാനം കാടുപിടിച്ച് കിടക്കുന്നതിനാൽ നിലവിൽ ഒക്കൽ,നീലേശ്വരം എന്നിവിടങ്ങളിലുള്ള എസ്.എൻ.ഡി.പി ശ്മശാനങ്ങളിലോ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ മലമുറി ശ്മശാനത്തേയുമാണ് ആശ്രയിക്കുന്നത്.

ചുണ്ടമലയിൽ വിറക്,ഗ്യാസ്, ഇലക്ട്രിക് ശ്മശാനങ്ങളിലൊന്ന് നിർമ്മിക്കണമെന്നാണ് ആവശ്യം.

എസ്.എൻ.ഡി.പി യൂണിറ്റുകൾ നിവേദനം നൽകി

വിവിധ എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ശ്മശാനം ആധുനികവത്കരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാറിന് നിവേദനം നല്കി. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ, അറയ്ക്കപ്പടി ശാഖ പ്രസിഡന്റ് എൻ.വിശ്വംഭരൻ, സെക്രട്ടറി കെ.കെ അനിൽ, വെങ്ങോല ശാഖ പ്രസിഡന്റ് ഇ.വി ഗോപാലൻ, സെക്രട്ടറി എം.കെ രഘു, അല്ലപ്ര ശാഖ പ്രസിഡന്റ് കെ.കെ രവി, സെക്രട്ടറി കെ.ചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസ്സസ്സ് എന്നിവർ സംബന്ധിച്ചു.