നെടുമ്പാശേരി: പുതുവത്സരത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്ക് വിമുക്തമാകും. നാളെ മുതൽ പഞ്ചായത്ത് അതിർത്തിയിൽ പുനരുപയോഗ്യമല്ലാത്ത എല്ലാ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെയും വില്പനയും, ഉപയോഗവും നിരോധിച്ചതായി പ്രസിഡന്റ് ദിലീപ് കപ്രശേരി അറിയിച്ചു. പഞ്ചായത്തിൽ വിവിധ കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണം ആരംഭിച്ചു. വ്യാപാരിസമൂഹം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.