കൊച്ചി: നിർമ്മാണത്തിലിരിക്കെ തകർന്ന് വീണതിനെ തുടർന്ന് പണിനിറുത്തിവെച്ച കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്കിന് നേരിൽ കണ്ട് നിവേദനം നൽകി. സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണം വൈകാതെ പൂർത്തീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.
ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്വപ്ന പദ്ധതിയായിരുന്ന കൊച്ചി കാൻസർ സെന്റർ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായുള്ളതാണെന്ന് കൃഷ്ണയ്യർ മൂവ്മെന്റ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക പദ്ധതി നടത്തിപ്പുകാരായ ഇൻകെലിന്റെ വിശ്വാസ്യതയെക്കുറിച്ച് നേരത്തെ തന്നെ കൃഷ്ണയ്യർ മൂവ്മെന്റ് സംശയമുന്നയിച്ചിരുന്നു. 19 മാസം കൊണ്ട് 25 ശതമാനം ജോലി മാത്രമാണ് പൂർത്തീയാക്കിയത്. പണിയുടെ മോശം ഗുണനിലവാരത്തെ കുറിച്ച് ആരോഗ്യമന്ത്രിയടക്കമുള്ളവരെ നേരത്തെ അറിയിച്ചിരുന്നു. നിർമ്മാണ കമ്പനിയായ പി ആൻഡ് സിയ്ക്ക് രണ്ടു തവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നുവെന്നാണ് ഇൻകെൽ പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നിയമസഭാ കമ്മിറ്റി സ്ഥലം സന്ദർശിക്കുകയും നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നവംബർ 25ന് കെട്ടിടം തകർന്ന് വീഴുകയും ആറ് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് നിർമ്മാണം നിറുത്തി വച്ചിരിക്കുകയാണെന്നും കിഫ്ബി 380 കോടി അനുവദിച്ച് നൽകി നിർമ്മിക്കുന്ന കെട്ടിടം പണി ഉടൻ പുനരാരംഭിക്കണമെന്നുമാണ് നിവേദനത്തിലുള്ളത്. ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റിന് വേണ്ടി പ്രൊഫ.എം.കെ സാനു, ഡോ. എൻ.കെ സനിൽകുമാർ, സി.ഐ.സി.സി ജയചന്ദ്രൻ, എൻ.വി മുരളി എന്നിവരാണ് ധനമന്ത്രിക്ക് നിവേദനം നൽകിയത്.ഒന്നര മാസത്തിനുള്ളിൽ കിഫ്ബി വിഷയത്തിൽ തീരുമാനമുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു.