പള്ളുരുത്തി: കച്ചേരിപ്പടി ഗവ.ആശുപത്രിയിലും സിമെറ്റ് നേഴ്സിംഗ് കോളേജിലും നായ ശല്യം രൂക്ഷം.രാവിലെ ആശുപത്രിയിൽ ഒ.പി.വിഭാഗത്തിൽ എത്തുന്ന രോഗികളാണ് കഷ്ടത്തിലാകുന്നത്. രാവിലെ നേഴ്സിംഗ് കോളേജിൽ എത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും നായ ശല്യം മൂലം ദുരിതമനുഭവിക്കുകയാണ്. ജീവനക്കാർ രേഖാമൂലം അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല.നായകൾ സി മെറ്റ് നേഴ്സിംഗ് കോളേജിന്റെ വരാന്തയിൽ നിത്യസന്ദർശകരാണ്. കാട്പിടിച്ച് കിടക്കുന്ന പരിസരം ഇഴജന്തുക്കളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒ.പി.വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയെ നായ കടിച്ചു. ക്ലാസിൽ എത്തിയ നേഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായി. കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിനും മേയർക്കും വിഷയത്തിൽ ജീവനക്കാർ പരാതി നൽകിയെങ്കിലും നാളിതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളെ കാണാൻ എത്തുന്ന മാതാപിതാക്കളുടെ നേരെയും നായ ശല്യം ഉണ്ടായി. പുലർച്ചെ ആശുപത്രിയിലും ഹോസ്റ്റലിലും എത്തുന്ന പത്ര-പാൽ വിതരണക്കാരും ധർമ്മസങ്കടത്തിലാണ്. വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.