കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ സംയുക്തമായി ജനുവരി 8 ന് പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംസ്ഥാനത്ത് പര്യടനം നടത്തുന്ന സംസ്ഥാന മദ്ധ്യമേഖലാ ജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ആണ് ജാഥാ ക്യാപ്ടൻ. രാവിലെ 9ന് മൂവാറ്റുപുഴ ബി.സി ജംഗ്ഷൻ, 11 ന് തൃപ്പൂണിത്തുറ അമ്പലമുകൾ കൊച്ചി റിഫൈനറി, 3 ന് കളമശരി എച്ച്.എം.ടി ജംഗ്ഷൻ, 4 ന് പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. 5 ന് കലൂരിലെ മണപ്പാട്ടിപ്പറമ്പിലെ സ്വീകരണത്തോടെ ജാഥ സമാപിക്കും.
സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി വൈസ് ക്യാപ്ടൻ അഡ്വ. റഹ്മത്തുള്ള (എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്), മാനേജർ കെ.എൻ.ഗോപിനാഥ് (സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി), ജാഥാംഗങ്ങളായ മലയാലപ്പുഴ ജ്യോതിഷ്‌കുമാർ (ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി), ജയപാലൻ (എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി), എം.കെ. തങ്കപ്പൻ (ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ്) എന്നിവർ സംസാരിക്കും.