musazi-basar-
നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച ശേഷം മുസിരിസ് ബസാറിൽ പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തുന്നു.

പറവൂർ : നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി മുസിരിസ് ബസാർ തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പറവൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. എൻ.യു.എൽ.എം പദ്ധതിയിൽ 36 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കച്ചവടകേന്ദ്രം നിർമ്മിച്ചത്. കാലങ്ങളായി കച്ചവടം ചെയ്തിരുന്നവരെ ഈ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നഗരത്തിലെ ഫുട്പാത്തുകളിൽ നിന്ന് നീക്കിയിരുന്നു. ഇവർ കച്ചവടം ചെയ്തുവന്ന സ്ഥലങ്ങളിൽ പുതിയ ആളുകൾ പ്രവേശിച്ചെങ്കിലും അവരെ നീക്കം ചെയ്യാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം കൗൺസിലിൽ അംഗങ്ങൾ ആരോപിച്ചു. നിർമ്മാണം പൂർത്തിയാക്കിയ പുനരധിവാസ കേന്ദ്രത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി. കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, കെ. രാമചന്ദ്രൻ, സി.പി. ജയൻ, കെ.ജെ. ഷൈൻ എന്നിവർ സംസാരിച്ചു.