kalabhavan-mani-death

കൊച്ചി : നടൻ കലാഭവൻ മണിയുടെ മരണം കൊലപാതകമല്ല, കരൾ രോഗത്തെത്തുടർന്നാണെന്ന് വ്യക്തമാക്കി സി.ബി.ഐ അന്വേഷണസംഘം എറണാകുളം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി. തുടർച്ചയായ മദ്യപാനത്തെത്തുടർന്ന് മണിക്ക് കരൾരോഗം കലശലായിരുന്നെന്നും അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. വൃക്കരോഗം, മഞ്ഞപ്പിത്തം, ക്ഷയം എന്നീ രോഗങ്ങളും മണിയെ അലട്ടിയിരുന്നു. രോഗബാധിതനായിട്ടും മദ്യപാനം തുടർന്നത് മരണം വേഗത്തിലാക്കിയെന്ന് അന്വേഷണസംഘത്തെ സഹായിക്കാൻ നിയോഗിച്ച മെഡിക്കൽ ബോർഡും വിലയിരുത്തി. മെഡിക്കൽ ബോർഡ് ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും സാദ്ധ്യതകൾ തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെയും ജോബി സെബാസ്റ്റ്യൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി.മുരുകൻ, അനിൽകുമാർ എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ തങ്ങൾക്കുനേരേ നീണ്ടപ്പോൾ നുണ പരിശോധന നടത്താൻ സമ്മതമാണെന്ന് ഇവർ കോടതിയെ അറിയിച്ചിരുന്നു. തുടന്നാണ് ഇവരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയത്. എന്നാൽ മണിയുടെ സുഹൃത്തുക്കൾ കൂടിയായ ഇവർക്ക് മരണത്തിൽ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി.

2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനു സമീപത്തെ സ്വന്തം വിശ്രമകേന്ദ്രമായ പാടിയിൽ കുഴഞ്ഞുവീണ മണിയെ എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കരൾ രോഗത്തെത്തുടർന്നാണ് മരണമെന്ന് ആദ്യം അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയെങ്കിലും മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെയും (മീതൈൽ ആൽക്കഹോൾ) ക്ളോറോ പൈറിപ്പോസ് എന്ന കീടനാശിനിയുടെയും അംശം കണ്ടെത്തിയിരന്നു. സ്ഥിരമായി മദ്യപിക്കുന്ന വ്യക്തികളുടെ ശരീരത്തിൽ നേരിയ അളവിൽ മീതൈൽ ആൽക്കഹോളിന്റെ സാന്നിദ്ധ്യം ഉണ്ടാകാമെന്നാണ് സി.ബി.ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതും കീടനാശിനിയും മരണകാരണമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മണിയുടെ മരണത്തെത്തുടർന്നുള്ള അന്വേഷണം സർക്കാർ സി.ബി.ഐക്കു വിട്ടെങ്കിലും ഏറ്റെടുത്തിരുന്നില്ല. പിന്നീട് മണിയുടെ സഹോദരനടക്കമുള്ള ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സി.ബി.ഐ കേസന്വേഷണം ഏറ്റെടുത്തത്. 2017 ൽ ഏറ്റെടുത്ത അന്വേഷണം പൂർത്തിയാക്കി രണ്ടു വർഷത്തിനു ശേഷമാണ് കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകിയത്.