കൊച്ചി: കളമശേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ഫുഡ് ഓൺ വീൽസ് മൊബൈൽ കിച്ചൻ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിന് പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ പാനൽ ഘടിപ്പിച്ച ഒമ്പത് ഇലക്ട്രിക് ഓട്ടോകളിൽ ആധുനിക പാചക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് അമ്മ രുചി എന്ന പേരിൽ സ്വയം തൊഴിൽ സംരംഭം നടപ്പാക്കിയത്. 28.50 ലക്ഷം രൂപ ചെലവിൽ 15 പട്ടികജാതി കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിവാഹ സത്കാരങ്ങളിലുൾപ്പെടെ വിവിധ വേദികളിൽ ഭക്ഷണ വിതരണത്തിനായി ഇവ ഉപയോഗപ്പെടുത്താം.

വി. കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാഹനങ്ങളുടെ ഫ്ലാഗ് ഒഫ് കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് നിർവഹിച്ചു. കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാൽ, വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ, നഗരസഭ അംഗങ്ങളായ ജലീൽ പാമങ്ങാടൻ, എ.കെ ബഷീർ, മാർട്ടിൻ തായങ്കരി, ലൈബി ബാബു, ഷൈനി ആന്റണി, സബീന ജബ്ബാർ, ഹെന്നി ബേബി, ഷാജഹാൻ കടപ്പള്ളി, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.