കൊച്ചി: കാത്തുകാത്തിരിന്ന് റോഡ് ടാർ ചെയ്ത് കിട്ടിയപ്പോൾ മണിക്കൂറുകൾക്കുള്ളിൽ അത് വെട്ടിപ്പൊളിച്ച വാട്ടർ അതോറിറ്റി വെട്ടിലായി. പൊന്നുരുന്നി-പാലാരിവട്ടം റോഡിലാണ് വാട്ടർ അതോറിറ്റി തനിസ്വഭാവം പുറത്തെടുത്തത്. ഞായറാഴ്ച രാത്രി 12 ന് ടാർ ചെയ്ത് റോഡ് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പൈപ്പിടാനായി കുഴിക്കുകയായിരുന്നു വാട്ടർ അതോറിറ്റി. നാലുമാസമായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡിൽ പരിശോധന നടത്താതെ ടാറിന്റെ ചൂടാറും മുമ്പേ റോഡ് കുത്തിപ്പൊളിച്ചതാണ് വിവാദമായത്.

നാലുമാസത്തെ കാത്തിരിപ്പിന് ശേഷം റോഡ് ടാർ ചെയ്തു കിട്ടിയതിന്റെ ആശ്വാസത്തിൽ ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങിയ ഓട്ടോറിക്ഷാ തൊഴിലാളികളാണ് രാവിലെ കുഴി ആദ്യം കണ്ടത്. ഇതോടെ പ്രതിഷേധം അണപൊട്ടി. ഓട്ടോറിക്ഷാ തൊഴിലാളികൾ തുടക്കമിട്ട പ്രതിഷേധം നാട്ടുകാരും ഏറ്റെടുത്തു. തുടർന്ന് റോഡ് ഉപരോധിച്ചു. ഒടുവിൽ കളക്ടർ എത്തേണ്ടി വന്നു പ്രതിഷേധം തണുപ്പിക്കാൻ. ബുധനാഴ്ച വൈകിട്ടോടെ റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തതോടെയാണ് പ്രതിഷേധം ശമിച്ചത്.

അതേ സമയം കഴിഞ്ഞ 17 ന് റോഡ് തുറന്ന് പൈപ്പ് ലൈൻ പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നതായി വാട്ടർ അതോറിറ്റി പറഞ്ഞു. അതിന് അനുമതിയും ലഭിച്ചിരുന്നു. വൈറ്റിലയിൽ നിന്നുവരുന്ന പൈപ്പ് ലൈൻ ആണിത്. വൈറ്റിലയിൽ പണികൾ തീർന്നശേഷം ഇവിടെ തുടങ്ങിയാൽ മതിയെന്ന് പൊതുമരാമത്ത് അറിയിച്ചിരുന്നു. അതുപ്രകാരമാണ് ഞായറാഴ്ച പണികൾ തുടങ്ങിയത്. ഇനി വെള്ളം നിറച്ച് ലീക്ക് ഉണ്ടോയെന്നു പരിശോധന നടത്തിയ ശേഷം കുഴിയടക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്നലെ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

റോഡ് പണിതീർത്തുകഴിഞ്ഞാലുടൻ വാട്ടർ അതോറിറ്റി കുത്തിപ്പൊളിക്കുന്നത് പതിവാണെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുമ്പ് പാലാരിവട്ടം മെട്രോയ്ക്കു സമീപം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുഴിയടക്കാതിരുന്നതിനെ ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിൽ അന്ന് തർക്കം രൂക്ഷമായിരുന്നു.