കൊച്ചി: 'സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ മാതാപിതാക്കളാണ് ആദ്യം എതിർത്തത്. കൃഷിയിൽ അവർ നേരിട്ട പരാജയമായിരുന്നു അതിന് കാരണം. എങ്കിലും ആ തീരുമാനത്തിൽ നിന്ന് ഞാൻ പിൻമാറാൻ തയ്യാറായില്ല.'- അച്ഛൻ തോറ്റ പടവുകൾ ചവട്ടിക്കയറി ഒടുവിൽ ഓൺലൈൻ വിപണിയിൽ കാർഷികരംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് പ്രദീപ്. ഈ ചരടിൽ അഞ്ച് ജില്ലകളിൽ നിന്നുള്ള ആയിരത്തിലേറെ കർഷകരുണ്ട്. ജൈവപച്ചക്കറികളും പഴങ്ങളും വാങ്ങാൻ ആയിരക്കണക്കിന് സാധാരണക്കാരുമുണ്ട്.
വരും വർഷം നാലുലക്ഷം ഉപഭോക്താക്കളെ സൃഷ്ടിക്കുകയും ഒരു ലക്ഷത്തിലധികം കർഷകരെ ലാഭത്തിലാക്കുകയുമാണ് ലക്ഷ്യം. കർഷകരെ സഹായിക്കാൻ ഹോം ടു ഹോം എന്ന കിടിലൻ ഐഡിയ പ്രാവർത്തികമാക്കിയ തൃശൂർ സ്വദേശിയായ പി.എസ്. പ്രദീപ് എന്ന 28കാരന്റെ വിജയഗാഥ. നാലുകൊല്ലം മുമ്പ് ഇൻഫോ പാർക്കിലെ വെബ് ഡെവലപ്പർ ജോലി ഉപേക്ഷിച്ചാണ് പ്രദീപ് ഫാർമേഴ്‌സ് ഫ്രഷ് സോൺ എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപിച്ചത്.
സാധാരണ കർഷക കുടുംബത്തിൽ നിന്നുവന്ന പ്രദീപ് ചെറുകിട കർഷകരുടെ ഉല്പന്നങ്ങൾക്ക് ഉദ്ദേശിച്ച വില വിപണിയിൽ ലഭിക്കുന്നില്ലെന്ന് മനസിലാക്കി വിൽക്കാനുള്ള ഇടം ഇ കൊമേഴ്‌സ് വഴി കണ്ടെത്തുകയായിരുന്നു.
കുറച്ച് മാസത്തിനുള്ളിൽ തന്റെ സ്റ്റാർട്ടപ്പ് 52 പേരെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ ആത്മവിശ്വാസത്തിൽ അദ്ദേഹം സ്വന്തം നാട്ടിലേക്ക് പോയി എട്ട് കർഷകരോട് സംസാരിച്ചു.
ഇന്ന് തൃശൂർ, ഇടുക്കി, പത്തംനതിട്ട, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഈ ശൃംഖലയുടെ ഭാഗമാണ്. 2017 കൊച്ചിയിൽ ഒരു സ്റ്റോർ കം ഫാക്ടറി സ്ഥാപിച്ചു. 2018 ൽ സ്റ്റാർട്ടപ്പ് ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക്, മലബാർ ഏഞ്ചൽസ്, നേറ്റീവ് ലീഡ് ഫൗണ്ടേഷൻ എന്നിവയിൽ നിന്ന് 2.5 കോടി രൂപ സമാഹരിച്ചു. ഇന്ന് കേരളത്തിലെ പല ഇടങ്ങളിലും ഈ സംരംഭം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. കേരള യുവജന കമ്മീഷൻ മികച്ച സ്റ്റാർട്ട് ആപ്പ് അവാർഡ്, കൈരളി ടി.വി ബെസ്റ്റ് ഇന്നേടെക്ക് അവാർഡ്, ഓൾ ഇന്ത്യ സ്റ്റാർട്ട് ആപ്പ് മിഷന്റെ പ്രത്യേക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ അഗ്രി ഉഡാൻ പദ്ധതി ആക്സിലേറ്റർ പരിപാടിയിലും തിരഞ്ഞെടുക്കപ്പെട്ടു .
കേരളത്തിലെ കർഷകരെ സഹായിക്കുന്നതിനും സമൂഹത്തിൽ തന്നെക്കൊണ്ടാവുന്ന സഹായം ചെയ്യുന്നതിനുമാണ് ഈ സംരംഭം തുടങ്ങിയത്.
പ്രദീപ് പി.എസ്