കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് ആവശ്യമായ സ്‌ഫോടക വസ്തുക്കൾ എത്തിച്ചു. എച്ച് ടു ഒ ഹോളി ഫെയിത്ത്, ജെയിൻ, ഗോൾഡൻ കായലോരംഎന്നീ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള 150 കിലോ സ്‌ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് ആവശ്യമായ 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് അങ്കമാലി മഞ്ഞപ്രയിൽ എത്തിച്ചിരിക്കുന്നത്.

എമൽഷൻ എക്‌സ്‌പ്ലോസിവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ് എത്തി​ച്ചത്. ഇതിനൊപ്പം ഉപയോഗിക്കേണ്ട നോണൽ എക്സ്‌പ്ലോസിവുകളും ഡെറ്റിനേറ്റിംഗ് കോഡുകളും വരും ദിവസങ്ങളിൽ എത്തിക്കും. അതീവ സുരക്ഷയോടെ സ്‌ഫോടക വസ്തുക്കൾ പ്രത്യേകം തയ്യാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക. ജനുവരി മൂന്ന് മുതൽ ഫ്ലാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങും. ആറിന് ആൽഫ വെഞ്ചേഴ്‌സിന്റെ ഫ്ലാറ്റുകളിലും സ്‌ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങും. ഫ്ലാറ്റുകളിലെ ചുവരുകൾ ഇടിച്ചു നിരത്തി കഴിഞ്ഞു.

ആൽഫ സെറിൻ ഫ്ലാറ്റുകളുടെ ചുവരുകൾ സമീപവാസികളുടെ എതിർപ്പിനെ തുടർന്ന് ആദ്യഘട്ടത്തിൽ പൊളിച്ചുമാറ്റുവാൻ കഴിഞ്ഞിരുന്നില്ല. അധികൃതർ ആവശ്യമായ നിർദ്ദേശങ്ങൾ ചെന്നൈയിലെ കമ്പനികൾക്ക് നൽകിയതിന് ശേഷമാണ് പരിസരവാസികൾക്ക് ശല്യമില്ലാതെ ചുവരുകൾ പൊളിച്ചുമാറ്റുന്ന ജോലി തുടർന്നത്. ഐ.ഐ.ടിയിൽ നിന്നുള്ള പ്രത്യേക സംഘം ജനുവരി 4ന് ഫ്ലാറ്റുകളിലെത്തി കൂടുതൽ പരിശോധന നടത്തും. ഫ്ലാറ്റുകളിലെ കോൺക്രീറ്റ് ചുവരുകൾ പൂർണമായും നീക്കിയിട്ടുണ്ട്. ഫ്ലാറ്റുകൾക്ക് സമീപത്തുകൂടി പോകുന്ന ഇന്ധന പൈപ്പിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കത്ത് നൽകി. ഇന്ധനത്തിന് പകരം വെള്ളം നിറയ്ക്കാനും തീരുമാനമായി. മൂന്ന് ദിവസത്തിനുള്ളിൽ കമ്പനി നേരിട്ടെത്തി പൈപ്പിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.

''എച്ച്.ടു.ഒയും ആൽഫയും ഒരേ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ജനങ്ങളെ രണ്ട് ദിവസങ്ങളിൽ ഒഴിപ്പിക്കുകയെന്നത് ആളുകൾക്കും ബുദ്ധിമുട്ടാകും എന്നതിനാലാണ് ആദ്യ ദിവസം തന്നെ അത് ചെയ്യുന്നത്. കൂടുതൽ സങ്കീർണമായ ഫ്ലാറ്റാണ് ആൽഫ. അതിവിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് അത് പൊളിക്കുക. ആവശ്യമായ എല്ലാ മുൻകരുതലും ഉറപ്പുവരുത്തിയിട്ടാണ് ഇത് പൊളിച്ചുമാറ്റുക. പ്രകമ്പനം സെക്കൻഡി​ൽ 25 മില്ലിമീറ്ററിൽ താഴെ നിറുത്താനാണ് ശ്രമിക്കുന്നത്. ആളുകളെ ബാധിക്കാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുടെ വിവിധ വിഭാഗങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ്.''

ഡോ. ആർ വേണുഗോപാൽ

ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്സ് പ് ളോസീവ്സ്