straw
സ്റ്റീൽ സ്ട്രോ

കോലഞ്ചേരി: പ്ളാസ്റ്റിക്ക് കവറുകൾക്ക് പകരം എന്ത്, എങ്ങിനെ എന്നുള്ള കാര്യത്തിൽ ഇപ്പോഴും എല്ലാവരും ആശങ്കയിലാണ്.

വട്ടയില, തേക്കില

ഇറച്ചിയും മീനും പൊതിയ ൽ വട്ടയിലയിലോ, തേക്കിലയിലോ ആയാലോ, രണ്ടും നാട്ടിൻ പുറങ്ങളിൽ വേണ്ടുവോളമുണ്ട്, പണം മുടക്കുകയും വേണ്ട. തേക്കിലയിൽ പൊതിഞ്ഞു ഇനി കൈയ്യിൽ പിടിക്കാൻ നാണക്കേടു തോന്നിയാൽ ഇല ന്യൂസ് പേപ്പറിൽ പൊതിയാം.

കുടിവെള്ള കിയോസ്‌ക്കുകൾ

വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും പ്ലാസ്​റ്റിക് കുപ്പിവെള്ളം ഒഴിവാക്കാൻ കുടിവെള്ള കിയോസ്‌ക്കുകൾ സ്ഥാപിക്കാം. വെള്ളക്കുപ്പികൾ ഒഴിവായാൽ തന്നെ വലിയ നേട്ടം.

മദ്യക്കുപ്പികൾ തിരിച്ചെടുക്കും

മദ്യ കുപ്പികൾ ബീവറേജസ് കോർപ്പറേഷൻ അതാത് ഔട്ട് ലെറ്റുകളിൽ ലിറ്റർ ബോട്ടിൽ ഒന്നിന് 3 രൂപ നിരക്കിൽ തിരിച്ചെടുക്കും. അര ലിറ്റർ കുപ്പി 2 എണ്ണം,ക്വാർട്ടർ കുപ്പി 3 എണ്ണം കൊടുത്താൽ 3 രൂപ വീതം ലഭിക്കും.

ഡിസ്‌പോസബിൾ സ്പൂൺ

സ്​റ്റീലിന്റെയോ മെ​റ്റലിന്റെയോ സ്പൂണും ഫോർക്കും ശീലമാക്കാം. ജ്യൂസ് കുടിക്കാൻ സ്‌ട്രോ വേണ്ടെന്നു വയ്ക്കാം. നിർബന്ധമുള്ളവർക്ക് സ്റ്റീൽ സ്ട്രോകളുണ്ട്. വീണ്ടും കഴുകി ഉപയോഗിക്കാം. പ്ലാസ്​റ്റിക് കുപ്പികൾക്കു പകരമായി ചില്ലു കുപ്പികളോ സ്​റ്റീൽ കുപ്പികളോ ഉപയോഗിക്കാം.

നോൺ വൂവൺ ബാഗ്,
പ്ലാസ്​റ്റിക് കൊടി

ജൂട്ടിന്റെയും തുണിയുടെയും ഉൽപന്നങ്ങൾ ഉപയോഗിക്കാം. വീട്ടിൽ ഉപയോഗം കഴിഞ്ഞ തുണിയുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ ബാഗാക്കി മാ​റ്റാം. വീട്ടിൽനിന്ന് സാധനം വാങ്ങാൻ ഇറങ്ങുമ്പോൾ കൂടെക്കൊണ്ടുപോകുന്നതു ശീലമാക്കണമെന്നു മാത്രം. കൊടികൾ തുണികൊണ്ടു മതിയെന്നു തീരുമാനിക്കണം.
ഗാർബേജ് ബാഗ്
പാർട്ടികളിലും ഹോട്ടലുകളിലും, കാറ്ററിങ്ങ് യൂണിറ്റുകളും മാലിന്യം സംഭരിച്ചു വയ്ക്കുന്ന ബാഗുകൾക്കും നിരോധനമുണ്ട്. പകരമായി തുണിയിലും ചാക്കിലുമുള്ള ബാഗുകൾ ഉപയോഗിക്കേണ്ടിവരും.

പ്‌ളാസ്​റ്റിക് ക്യാരി ബാഗ്
പൂർണമായി ഉപേക്ഷിക്കുന്ന പ്ലാസ്​റ്റിക് ക്യാരി ബാഗുകൾക്കു പകരമായി തുണി സഞ്ചി ഉപയോഗിക്കുക


ഡിസ്‌പോസബിൾ കപ്പ്

കപ്പ് മാത്രമല്ല, പാത്രങ്ങളും തെർമോക്കോൾ പ്ലേ​റ്റുകളുമെല്ലാം നിരോധനത്തിൽ പെടും.
വിവാഹത്തിനോ ചടങ്ങുകൾക്കോ സ്​റ്റീൽ, കുപ്പി,പോഴ്സലയിൻ പാത്രങ്ങൾ വാടകയ്‌ക്കെടുക്കുന്നതാണ് ഉചിതം. പാളകൊണ്ടുള്ള പ്ലേ​റ്റും ഗ്ളാസുകളും പരീക്ഷിക്കാം.

വാഴയില

സദ്യയ്ക്ക് ഉപയോഗിക്കുന്ന പ്ളാസ്റ്റിക് വാഴയിലകൾക്ക് പകരം ഒറിജിനൽ വാഴയില ഉപയോഗിക്കാം, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വാഴയില വാട്ടി ആഹാരം പൊതിഞ്ഞു കൊടുക്കാം. രുചിയും കൂടും, പ്ളാസ്റ്റിക്കും കുറയും.

ഫ്‌ളെക്‌സ്
ചെറിയ സന്തോഷങ്ങൾക്കും ഫ്‌ളെക്‌സ് അടിച്ചു തൂക്കുന്ന പരിപാടി ഇനി നടക്കില്ല. സമ്മേളനങ്ങൾക്കൊക്കെ ചുവരെഴുത്തുകൾ മടങ്ങിവരട്ടേ. തുണികൊണ്ടുള്ള ബാനറുകളും ഉപയോഗിക്കാം.