കൊച്ചി: കൊച്ചി മെട്രോ കോടികൾ മുടക്കി നടപ്പാക്കുന്ന ജല മെട്രോ പദ്ധതി നഷ്ടക്കച്ചവടവും പരിസ്ഥിതിക്ക് ദോഷകരവുമാകുമെന്ന് വിമർശനം. ദേശീയ ജലപാതക്ക് വേണ്ടി നിർമ്മിച്ച ജെട്ടികൾ പാഴായിക്കിടക്കുന്ന സ്ഥിതി ജല മെട്രോയിലും സംഭവിക്കുമെന്നാണ് ആക്ഷേപം ഉയരുന്നത്.
കൊച്ചിയിലെ കായലിൽ ആധുനികസംവിധാനങ്ങളും ശീതീകരിച്ചതുമായ ബോട്ടുകൾ സർവീസ് നടത്തുന്ന പദ്ധതിയാണ് കൊച്ചി മെട്രോ നടപ്പാക്കുന്നത്. ദ്വീപുകളെ ബന്ധിപ്പിച്ച് ബോട്ട് സർവീസ് നടത്തി പ്രദേശവാസികൾക്ക് യാത്രാസൗകര്യം ഒരുക്കുക, വിനോദസഞ്ചാരികളെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. നിലവിലെ ജെട്ടികൾ നവീകരിച്ചും പുതിയവ നിർമ്മിച്ചും സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ ആരംഭിച്ചുകഴിഞ്ഞു. അതിനിടെയാണ് വിമർശനങ്ങളും ഉയരുന്നത്.
വിമർശനങ്ങൾ ഇങ്ങനെ
വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ച് പാലങ്ങളും റോഡുകളും വന്നതിനാൽ ജല മെട്രോയ്ക്ക് വേണ്ടത്ര യാത്രക്കാരെ ലഭിക്കില്ല.
ഗോശ്രീ പാലങ്ങൾ വന്നതോടെ എറണാകുളം മുതൽ വരാപ്പുഴ വരെ സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെയും സ്വകാര്യ മേഖലയിലെയും ബോട്ടുകൾ നിലച്ചു.
താന്തോന്നി, ബോൾഗാട്ടി ദ്വീപുകളിലേക്ക് സർവീസുണ്ടെങ്കിലും പേരിനു മാത്രം. ഉയർന്ന യാത്രാക്കൂലി നൽകേണ്ടി വരുന്നതിനാൽ ദ്വീപ് സമൂഹങ്ങളിലെ സാധാരണക്കാർക്ക് ജല മെട്രോയെ താങ്ങാനാവില്ല.
നിർമ്മാണങ്ങൾ വിനയാകും
ഹൈക്കോടതി ജംഗ്ഷനിൽ കായലിൽ രണ്ടു നില ജെട്ടി പണിയുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും വിമർശനം ഉയർന്നു. ഹോട്ടലും കച്ചവട സ്റ്റാളുകളും പണിയുന്നത് വാണിജ്യ ലക്ഷ്യമിട്ടാണ്. നിർമ്മാണങ്ങൾ നടത്തി സാമ്പത്തികനേട്ടമുണ്ടാക്കാൻ പദ്ധതിയെ ചിലർ ദുരുപയോഗിക്കുകയാണ്.
ജെട്ടികൾ നോക്കുകുത്തി
ദേശീയ ജലപാതയുടെ ഭാഗമായി കൊല്ലം മുതൽ എറണാകുളത്തെ കോട്ടപ്പുറം വരെ നിരവധി ജെട്ടികൾ ഉൾനാടൻ ജലഗതാഗത അതോറിറ്റി നിർമ്മിച്ചിരുന്നു. ഇവയെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗമായ ചീനവലകൾ, ഊന്നിവലകൾ എന്നിവ നീക്കം ചെയ്ത് നിർമ്മിച്ച ജെട്ടികൾ നോക്കുകുത്തിയായി കിടക്കുന്നത് പദ്ധതിക്ക് മുന്നറിയിപ്പാണെന്ന് വിമർശകർ പറയുന്നു.
സർക്കാർ ഇടപെടണം
യാത്രക്കാർക്ക് പ്രയോജനം ചെയ്യാത്ത ജല മെട്രോ പദ്ധതി ചില മാഫിയകളെ സഹായിക്കാൻ ലക്ഷ്യമിടുന്നതാണ്. കായലിൽ പുതിയ നിർമ്മാണങ്ങൾ അനുവദിക്കരുത്. സംസ്ഥാന സർക്കാർ ഇടപെട്ട് പദ്ധതി നിറുത്തിവയ്പ്പിക്കണം.
ടി.സി. സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി സി.പി.ഐ (എം.എൽ.) റെഡ്സ്റ്റാർ