kalam
മൺ പാത്ര നിർമ്മാണം നടത്തുന്ന തങ്കപ്പൻ

കോലഞ്ചേരി: തണ്ണീർത്തട നിയമം, മൺപാത്ര നിർമ്മാണ മേഖലയെ കണ്ണീരിലാക്കി. കളിമണ്ണ് കിട്ടാനില്ലാതായതോടെ ഒരു സമുദായത്തിന്റെ ഉപജീവന മാർഗമായിരുന്ന കുലത്തൊഴിൽ അന്യമായി. വരുമാനത്തിൽ ഗണ്യമായ കുറവു വന്നതോടെ പരമ്പരാഗത തൊഴിലാളികൾ മൺപാത്ര നിർമാണത്തിൽ നിന്നും അകന്നു . ഇഷ്ടിക നിർമ്മാണത്തിന് മണ്ണെടുത്ത പാടങ്ങളിൽ നിന്നും ലഭിച്ചിരുന്ന കളിമണ്ണ് കൊണ്ടായിരുന്നു ജില്ലയിൽ മൺപാത്ര നിർമ്മാണം നടന്നിരുന്നത്. ഇഷ്ടിക നിർമ്മാണം നിലച്ചതോടെ മണ്ണിന്റെ ലഭ്യതയിൽ വൻതോതിൽ കുറവ് നേരിട്ടു. പാടങ്ങളിൽ നിന്നും പന്ത്റണ്ടടി താഴ്ചയിൽ മേൽമണ്ണ് നീക്കം ചെയ്താണ് കളിമണ്ണ് ശേഖരിക്കുന്നത്. തണ്ണീർത്തട നിയമം നിലവിൽ വന്നതോടെ കളിമണ്ണ് ഖനനം പൂർണമായും നിലച്ചു.

ഉല്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമായി ഖാദിബോർഡിന്റെ കീഴിൽ കീഴ്മാട് സഹകരണസംഘം പ്രവർത്തിക്കുന്നുണ്ട്. ഊരമനയിൽ മുപ്പതോളം വീടുകളിൽ നിർമ്മാണമുണ്ടായിരുന്നിടത്ത് ഇന്ന് മൂന്ന് വീടുകളിൽ മാത്രമായിചുരുങ്ങി. വൈക്കത്തു നിന്ന് അരച്ച് ഇഷ്ടിക രൂപത്തിലും തൃശൂരിൽ നിന്നും ലോഡായുമാണു നിലവിൽ മണ്ണ് ലഭിക്കുന്നത്. അമിത വിലയാണ് ഇടനിലക്കാർ മണ്ണിന് ഈടാക്കുന്നത്.

സംസ്‌കാരത്തിന്റെ തന്നെ ഭാഗമായിരുന്ന മൺപാത്ര നിർമ്മാണം സംരക്ഷിക്കാൻ സർക്കാരും തദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ ആവശ്യം.

ജില്ലയിൽ മൺപാത്ര നിർമ്മാണം നിലവിലുള്ളത്

ഇളവൂർ, പറവൂർ, തന്നപ്പിള്ളി, കരുമാലൂർ, കീഴ്മാട്, എരൂർ, ഊരമന,
പിറവം, എഴിപ്രം, ചെങ്ങമനാട്, പാമ്പാക്കുട, പെരുവംമൂഴി, ചേരാനെല്ലൂർ

മൺപാത്ര നിർമ്മാണം എങ്ങനെ

കളിമണ്ണ് നല്ലവണ്ണം ചവിട്ടി പതം വരുത്തിയ ശേഷം പൂഴിമണലുമായി യോജിപ്പിച്ച്
ചക്രത്തിൽ പിടിപ്പിക്കുകയാണ് നിർമാണത്തിന്റെ ആദ്യ ഘട്ടം.

ചക്രം കറക്കി കൈകൊണ്ട് പാത്രങ്ങൾ മെനഞ്ഞെടുക്കും.

ഇവ വെയിലത്ത് ഉണക്കി അടിച്ച് ഉറപ്പിച്ച് മിനുസപ്പെടുത്തിയ ശേഷം ചൂളയിൽ ചുട്ടെടുക്കും.

ഒരു ചൂളയ്ക്ക് തീകൊടുക്കാൻ അഞ്ച് കെട്ട് വിറകും 150 മുടി വൈക്കോലും വലിയകട്ട വിറകുകളും വേണം.

വൈക്കോലിന് വില വർധിച്ചതും നിർമാണത്തിനു തിരിച്ചടിയായി.

കുലത്തൊഴിലായ മൺപാത്ര നിർമാണത്തെ പിടിച്ചു നിർത്തുന്നത് ചെത്തുതൊഴിലാളികളുടെ പിന്തുണയാണ്.

ഊരമന തൊരുപ്പാംകുടി തങ്കപ്പൻ പറയുന്നു. ഇന്ന് കൂടുതലും വില്പന നടത്തുന്നത് കള്ള് ചെത്ത് തൊഴിലാളികൾ ഉപയോഗിക്കുന്ന മാട്ടം (മൺകലം) ആണ്. മാട്ടമാണ് ഇപ്പോൾ തങ്കപ്പൻ പ്രധാനമായും നിർമിക്കുന്നത്. ഒരു കലത്തിന് 120 രൂപവരെ ലഭിക്കും. രണ്ട് ദിവസമാണ് ഒരു കലം ഉണ്ടാക്കാൻ. എന്നാൽ ഇതിനുള്ള വരുമാനം തൊഴിലിൽ നിന്നും ലഭിക്കുന്നില്ല.

ഊരമന തൊരുപ്പാംകുടി തങ്കപ്പൻ ,​മൺപാത്ര തൊഴിലാളി