കൊച്ചി: വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ എട്ടിന് ദേശവ്യാപകമായി പണിമുടക്കുമെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് (എ.ഐ.എഫ്.ഇ.ഇ) ദേശീയ അഡീഷണൽ സെക്രട്ടറി എ.എൻ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.. സ്വകാര്യവത്കരണത്തിനായി 2003ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ തയാറാക്കിയ ബിൽ അഞ്ച് വർഷമായി നിയമമാക്കുവാൻ സാധിച്ചിട്ടില്ല. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും വൈദ്യുതി മേഖലയിലെ സ്വകാര്യവൽകരണത്തെ എതിർക്കുന്നവരാണ്. മഹാരാഷ്ട്ര, ഒറീസ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിൽ ഫ്രാഞ്ചൈസി സമ്പ്രദായത്തിലൂടെ സ്വകാര്യവൽകരണം നടത്തിയെങ്കിലും സമ്പൂർണ പരാജയമായിരുന്നു. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണ മേഖലയിൽ ഇതുവരെ നടന്ന സ്വകാര്യവത്കരണം സംബന്ധിച്ച് ധവള പത്രം പുറപ്പെടുവിക്കുവാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് എ.എൻ രാജൻ പറഞ്ഞു. കെ.ഇ.ഡബ്ല്യു.എഫ് സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ, ഓർഗനൈസിംഗ് സെക്രട്ടറി കെ.സി മണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.