കൊച്ചി : കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജനുവരി മൂന്നിന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പഞ്ചായത്തംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസ് സംരക്ഷണം തേടി കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 അംഗങ്ങൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡുകളിൽ 17 ലും വിജയിച്ചത് ട്വന്റി 20 എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പിന്തുണയോടെ ജയിച്ചവരാണ്. ഇവരിൽ നിന്ന് കെ.വി. ജേക്കബിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. എന്നാൽ പിന്നീട് രണ്ട് അംഗങ്ങളും ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റും കൂറു മാറിയെന്നാണ് ട്വന്റി 20 അംഗങ്ങളുടെ ആരോപണം. തുടർന്ന് ഇവർ നൽകിയ നോട്ടീസിനെത്തുടർന്ന് ജനുവരി മൂന്നിന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി പഞ്ചായത്ത് ഭരണസമിതി യോഗം ചേരാൻ നിശ്ചയിച്ചു. എന്തു വില നൽകിയും അവിശ്വാസ പ്രമേയം അനുവദിക്കില്ലെന്ന് പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചെന്നും അംഗങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.