ന്യൂഡൽഹി: പുതുവർഷ സമ്മാനമായി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ 102 ലക്ഷം കോടിയുടെ ബൃഹദ് പദ്ധതികൾ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
2024-25ൽ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനവും.
നിർവഹണത്തിന് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ കർമ്മസമതിയും രൂപീകരിച്ചിട്ടുണ്ട്.
ജലസേചനം, ഗ്രാമവികസനം എന്നിവയ്ക്ക് 7.7ലക്ഷം കോടിയും
വ്യവസായ വികസനത്തിന് 3.07 ലക്ഷം കോടിയും ബാക്കിയുള്ളത് കൃഷിക്കും പൊതുവികസന പദ്ധതികൾക്കുമായാണ് വിനിയോഗിക്കുക. ഇതിൽ എക്സ്‌പ്രസ് ഹൈവേ, നാഷണൽ പവർ ഗ്രിഡ് തുടങ്ങിയ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ (എൻ.ഐ.പി ) പദ്ധതികൾക്കായി 42 ലക്ഷം കോടി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ പകുതിയോളം പദ്ധതികൾ ഇപ്പോൾ പുരോഗമിക്കുന്നവയാണ്.
പദ്ധതി ഒറ്റനോട്ടത്തിൽ
തുക ലക്ഷം കോടിയിൽ
ഉൗർജം : 24.54
റോഡ് : 19.63
റെയിൽവേ : 13.68
തുറമുഖം : 1
വിമാനത്താവളം : 1.43
നഗരവികസനം :16.29
ടെലികോം : 3.2
എൻ.ഐ.പി പദ്ധതി
നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ എന്ന മോദി സർക്കാരിന്റെ സ്വപ്ന പദ്ധതി. ഗതാഗത, ഉൗർജം തുടങ്ങി സമഗ്രവികസനമാണ് ലക്ഷ്യം. 39% വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ബാക്കി സ്വകാര്യമേഖലയ്ക്കുമാണ് പങ്കാളിത്തം. 18 സംസ്ഥാനങ്ങൾ പദ്ധതിയുടെ ഭാഗമായി. ആറ് വർഷം കൊണ്ട് 51 ലക്ഷം കോടി വിനിയോഗിച്ചു കഴിഞ്ഞു.