കളമശേരി:സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ജനുവരി എട്ടിലെ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികൾ വലിയ ആവേശവും വാശിയുമായി പ്രവർത്തനത്തിലാണെന്ന് മദ്ധ്യമേഖല ജാഥ ക്യാപ്റ്റൻ എളമരം കരീം പറഞ്ഞു. കേരളം ജനവരി എട്ടിന് നിശ്ചലമാകും. കളമശേരി എച്ച്എംടി ജംഗ്ഷനിലെ സ്വീകരണത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിമം വേതനം 21000 രൂപയാക്കി നിശ്ചയിക്കുക, സാമൂഹ്യ സുരക്ഷ പദ്ധതികൾ നടപ്പാക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക,10000 രൂപ മിനിമം പെൻഷൻ അനുവദിക്കുക, സ്വകാര്യവത്ക്കരണം നിർത്തിവെക്കുക, പൊതു മേഖലയെ സംരക്ഷിക്കുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കം തടയുക, വർഗീയത വളർത്താനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.
. പണിമുടക്കിനെ എതിർത്ത് സംഘ പരിവാർ സംഘടനകൾ പോലും രംഗത്ത് വന്നിട്ടില്ല എന്നത് സമരത്തിന്റെ പ്രധാന്യത്തെയാണ് കാണിക്കുന്നത്. കേരളത്തിൽ തൊഴിൽ ശാലകളും കടകമ്പോളങ്ങളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും, മോട്ടോർ വാഹനങ്ങൾ റോഡിലിറങ്ങില്ല. കേരളം അക്ഷരാർത്ഥത്തിൽ നിശ്ചലമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിപിസിഎൽ പൂർണ്ണമായും വിറ്റഴിക്കുകയാണ്. എച്ച് എൻഎല്ലി ന്റെ വിൽപന തടയാനായത് കേരള സർക്കാർ നടത്തിയ ചെറുത്തുനിൽപ്പു കൊണ്ട് മാത്രമാണ്. ഫാക്ട്, എച്ച്എംടി എന്നിവയുടെ പ്രവർത്തനം നാമമാത്രമാണ്. കൊച്ചി കപ്പൽ നിർമ്മാണശാലയും വിറ്റഴിക്കൽ ഭീഷണിയിലാണ്.
പത്ര സമ്മേളനത്തിൽ ട്രേഡ് യൂണിയൻ നേതാക്കളായ കെ എൻ ഗോപിനാഥ്, കെ സി ജയപാലൻ, സി കെ തങ്കപ്പൻ, അഡ്വ.എം റഹ്മത്തുള്ള, സോണിയ ജോർജ്, മലയാലപ്പുഴ ജ്യോതിഷ് കുമാർ, സി കെ മണിശങ്കർ, സി കെ പരീത്, വി എ സക്കീർ ഹുസൈൻ, പി എം മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു