കൊച്ചി: അക്കത്തിൽ പുതുമ നിറച്ച് പുതുവർഷം പുലർന്നു. കുട്ടിക്രിക്കറ്റിന്റെ ആവേശം പോലെ പൊട്ടിത്തെറിച്ചൊരു ട്വന്റി 20 വർഷം. ആട്ടവും പാട്ടുമൊക്കെയായിട്ടാണ് പുതുവർഷത്തെ എറണാകുളം ജില്ല സ്വീകരിച്ചത്. നഗരത്തിനകത്തും പുറത്തും ഹോട്ടലുകളിലും പാർക്കുകളിലും റസിഡന്റ്സ് അസോസിയേഷനുകളും പുതുവർഷത്തെ സ്വീകരിക്കാൻ ആഘോഷങ്ങളൊരുക്കി.
പതിവുപോലെ ആഘോഷരാവിന് കൊഴുപ്പേകാൻ ഫോർട്ടുകൊച്ചിയിൽ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. നേരത്തെ തന്നെ ഫോർട്ടുകൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും മുൻകൂട്ടി ആളുകൾ ബുക്ക് ചെയ്തിരുന്നു.
ഫോർട്ടുകൊച്ചിയിലേക്കുള്ള വീഥിയാകെ നക്ഷത്രവെട്ടത്തിൽ തിളങ്ങി. റോഡരികിൽ പലയിടങ്ങളിലും ഡി.ജെ പാർട്ടികൾ കൊഴുത്തു. പാട്ടിനൊപ്പം താളം വച്ച് യുവത്വം ആഘോഷിച്ചു. വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ, അപരിചതർ പോലും കൂട്ടുകാരായി. പച്ചനിറത്തിലൊരുക്കിയ 40 അടി ഉയരമുള്ള പാപ്പാഞ്ഞി അഗ്നിക്കിരയായപ്പോൾ ജനം ആർത്തുവിളിച്ചു. 'ഹാപ്പി ന്യൂ ഇയർ' ആശംസ അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു. നവവത്സരത്തെ വരവേൽക്കാനെത്തിയവർ മൊബൈൽ ലൈറ്റുകൾ തെളിച്ച് ഹരിത പ്രതിജ്ഞ ചൊല്ലി. ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും നേതൃത്വത്തിൽ ഹരിത കാർണിവൽ ആയിരുന്നു ഇത്തവണ. കാർണിവൽ പരിസരങ്ങളിൽ ഉടനീടം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരുന്നു. ഗ്രീൻ വോളണ്ടിയർമാരുടെ സാന്നിധ്യം കാർണിവലിൽ ഉടനീളം ഉണ്ടായിരുന്നു.
കൊച്ചി നഗരത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഡർബാർ ഹാളിൽ മ്യൂസിക് നൈറ്റും നൃത്തപരിപാടിയും സംഘടിപ്പിച്ചു. നഗരത്തിലെ ഹോട്ടലുകൾ ഡി.ജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ഫോർട്ടുകൊച്ചി കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളെത്തിയത് മലയാറ്റൂർ നക്ഷത്ര തടാക പരിസരത്തേക്കാണ്. 110 ഏക്കർ വിസ്തൃതിയുള്ള മണിപ്പാട്ട് ചിറയ്ക്ക് ചുറ്റും 11119 നക്ഷത്രങ്ങൾ തെളിച്ചുള്ള മലയാറ്രൂർ നക്ഷത്ര തടാകവും പുതുവർഷപ്പുലരിയെ എതിരേറ്റു. 75 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് ഇവിടെ കത്തിച്ചത്.
നഗരത്തിൽ പൊലീസിന്റെ പരിശോധന ശക്തമായിരുന്നു. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയായിരുന്നു സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധന. 12 മണി വരെ നഗരത്തിലെ മറൈൻ ഡ്രൈവ് പോലുള്ള സ്ഥലങ്ങളിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. വഴി നീളെ ആളുകൾ പരസ്പരം പുതുവർഷാശംസകൾ കൈമാറിയാണ് വീടുകളിലേക്ക് മടങ്ങിയത്.