കൊച്ചി: കേരളാ മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.എം.പി.എ) ഒരു വർഷം നീണ്ടുനിൽക്കുന്ന അമ്പതാം വാർഷികാഘോഷങ്ങൾക്ക് 4ന് (ശനി) കൊച്ചിയിൽ തുടക്കമാകും. വൈകീട്ട് 5.30ന് ഹോട്ടൽ റിനെയിൽ ആൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് (എ.ഐ.എഫ്.എം.പി) ദേശീയ പ്രസിഡന്റ് ദിബ്യജ്യോതി കലിത ഉദ്ഘാടനം ചെയ്യും. കെ.എം.പി.എ പ്രസിഡന്റ് ആർ. ഗോപകുമാർ സ്വാഗതം പറയും. അംഗങ്ങളിൽ അമ്പതുവർഷം പൂർത്തിയാക്കിയ പ്രിന്റിംഗ് പ്രസ്സുകളുടെ ഉടമകൾ, വിവിധ പ്രസ്സുകളിലായി ദീർഘകാല സേവനം നടത്തിയിട്ടുള്ള ജീവനക്കാർ, മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ചടങ്ങിനെത്തുന്ന ദേശീയ സംഘടനാ ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഫെബ്രുവരി 8ന് പ്രിന്റ് ആൻഡ് ബിയോണ്ട് ദേശീയ സെമിനാർ, ഏപ്രിൽ 24 മുതൽ 26 വരെ പ്രിന്റ് മിറക്ക്ൾ എക്‌സ്‌പോ, ഏപ്രിൽ 25ന് കേരളാ പ്രിന്റ് അവാർഡ്‌സ്, വാർഷിക പൊതുയോഗം, ഓണാഘോഷം, സ്‌കൂൾ-കോളേജ് മാഗസിനുകൾക്കുള്ള അവാർഡുകൾ, പുതിയ തലമുറയെ പ്രിന്റിംഗ് മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ, അംഗങ്ങൾക്ക് ആധുനിക പ്രവണതകൾ പരിചയപ്പെടുത്തുന്ന സെമിനാറുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് സുവർണ ജൂബിലി വർഷത്തെ പരിപാടികളെന്ന് കെ.എം.പി.എ പ്രസിഡന്റ് ആർ. ഗോപകുമാറും സെക്രട്ടറി ബിജു ജോസും സുവർണ ജൂബിലി ആഘോഷക്കമ്മിറ്റി കൺവീനർ ഒ. വേണുഗോപാലും വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 98470 53259.