കൊച്ചി: പ്രശസ്ത കാർഡിയാക് സർജൻ ഡോ.മൂസാക്കുഞ്ഞിയുടെ നേതൃത്വത്തിൽ പാലക്കാട് ഷൊർണൂരിനടുത്ത് വാണിയംകുളത്ത് അത്യാധുനിക ആർട്ടിഫിഷ്യൽ ഹാർട്ട് സെന്റർ തുടങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കുന്ന ആശുപത്രിയാകും ഇത്.
ആയിരം കോടി ചെലവിൽ ആയിരം ബെഡുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടമായി 300 കോടി രൂപയാണ് മുതൽമുടക്കുക. കൃത്രിമ ഹൃദയം നിർമ്മിക്കുന്ന യൂണിറ്റും ഇതോടൊപ്പമുണ്ടാകും.
മൂന്നുവർഷത്തിനുള്ളിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കും. പൂർണഹൃദയം മാറ്റിവയ്ക്കൽ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ഭാഗികമായ ഹൃദയഭാഗങ്ങളാണ് വിദേശ രാജ്യങ്ങളിൽ മാറ്റിവയ്ക്കുന്നത്. അത് ഇവിടെയും ലഭ്യമാകും. പൂർണ കൃത്രിമഹൃദയമാണ് തന്റെ ലക്ഷ്യമെന്ന് ഡോ.മൂസാക്കുഞ്ഞി പറഞ്ഞു.
ഹാർട്ട് ലിങ്ക് ഫൗണ്ടേഷൻ ഇന്റർനാഷണലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രശസ്ത ഡോക്ടർമാരും ശാസ്ത്രജ്ഞരും സർക്കാരും ഉൾപ്പടെ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.