road

മുട്ടം: റോഡിലെ പൊടി ശല്യം കാരണം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മുട്ടം വള്ളിപ്പാറ നിവാസികൾ. ചള്ളാവയൽ മുതൽ തോണിക്കല്ല് വരെയുള്ള രണ്ടേകാൽ കി. മീ. റോഡ് നന്നാക്കുന്നതിന് വേണ്ടി മിറ്റലും മണലും വിതറിയതിനെ തുടർന്നാണ് പൊടിശല്യം അസഹ്യമായത്.അല്ലാതെതന്നെ അന്തരീക്ഷമലിനീകരണം രൂക്ഷമായിരിക്കുമ്പോൾ പൊടികൂടി ശ്വസിക്കേണ്ടിവന്നിരിക്കുന്നത്. മിറ്റലും മക്ക് മണ്ണും നിറച്ച് റോഡിന്റെ ഉയരം കൂട്ടുന്ന വള്ളിപ്പാറ ഭാഗത്താണ് പൊടി ശല്യം അതി രൂക്ഷം. ഈ ഭാഗത്ത് റോഡിന്റെ രണ്ട് വശങ്ങളിലും താമസിക്കുന്ന ആളുകളാണ് പൊടി ശല്യത്താൽ പൊറുതി മുട്ടിയിരിക്കുന്നത്. ചെറിയ കാറ്റടിക്കുമ്പോഴും വാഹനങ്ങൾ കടന്ന് പോകുമ്പോഴും ഉയരുന്ന മണ്ണ് നിറഞ്ഞ പൊടിക്കാറ്റ് ശ്വസിച്ച് പ്രദേശവാസികളായവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുട്ടികൾക്കും വൃദ്ധർക്കും ശ്വാസം മുട്ടൽ പോലുള്ള അസുഖങ്ങൾ മരുന്ന് കഴിച്ചിട്ടും മാറാത്ത അവസ്ഥയാണ്. വെയിൽ കനത്തതോടെ പൊടി ശല്യം കൂടി. റോഡിൽ ഇടയ്ക്കിടയ്ക്ക് നനയ്ക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലുംഅതൊക്കെ പാഴ്‌വാക്കായി. പൊടി ശല്യം അടിയന്തരമായി ഇല്ലാതാക്കാനും ശബരിമല തീർത്ഥാടകർ ഏറ്റവും അധികം കടന്ന് പോകുന്ന ചള്ളാവയൽ - തോണിക്കല്ല് റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.