arun-with-auto-and-son
അരുൺകുമാർ നിർമിച്ച ആട്ടോറിക്ഷയിൽ മകൻ മാധവിനൊപ്പം

തൊടുപുഴ: മക്കൾക്ക് വിലകൂടിയ കളിപ്പാട്ടങ്ങൾ വാങ്ങി നൽകാൻ പണമില്ലാത്തതിനാൽ സ്വന്തമായി ഒരു ആട്ടോറിക്ഷയുടെ മിനിയേച്ചർ നിർമിച്ച് വാർത്തകളിലിടംപിടിച്ച തൊടുപുഴ ഇളംദേശം സ്വദേശി അരുൺ കുമാറിനെ ഓർക്കുന്നില്ലേ. ആ സൂപ്പർ ഡാഡി ഇപ്പോഴിതാ ദേശീയ ചാനൽ ഹിസ്റ്ററി 18 സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിസായ യേ മേരേ ഇന്ത്യയിലും ഇടം പിടിച്ചിരിക്കുന്നു. മക്കളായ മാധവിനും കേശിനിയ്ക്കും വേണ്ടിയായിരുന്നു അരുൺ ആട്ടോ നിർമിച്ചത്. ആട്ടോറിക്ഷ സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ അരുൺകുമാർ നിർമിച്ച മറ്റു വാഹനങ്ങളുടെ മിനിയേച്ചറുണ്ടാക്കാനും തുടങ്ങി. ഇതിനകം ചെറിയ ജീപ്പും മോട്ടോർ സൈക്കിളും കൂടി അരുൺ ഉണ്ടാക്കി കഴിഞ്ഞു. യഥാർത്ഥ വാഹനങ്ങളിലുള്ള മിക്കവാറും എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് അരുണിന്റെ നിർമാണമെന്നതാണ് പ്രത്യേകത. പഴയ ഡിഷ് ടി.വി, സ്റ്റൗ, തടി, ഷൂ സോൾ, മൊബൈൽ ചാർജർ, മെമ്മറി കാർഡ് സ്ലോട്ട്, സ്പീക്കർ തുടങ്ങിയ ഉപയോശൂന്യമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ വിപണിയിൽ ലഭ്യമായ കളിപ്പാട്ടങ്ങളേക്കാൾ 60 ശതമാനം വരെ വിലക്കുറവിൽ ഇവ നിർമിക്കാം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന തന്റെ മിനിയേച്ചർ വാഹനങ്ങൾ ആവശ്യക്കാരിലേയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അരുൺ ഇപ്പോൾ. അതിനൊപ്പം ആശുപത്രികൾക്കായി സാധാരണവിലയുടെ പകുതി വിലയ്ക്ക് വീൽ ചെയർ നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇന്ന് രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന യേ മേരാ ഇന്ത്യയുടെ ആറാം എഡിഷന്റെ പുതിയ എപ്പിസോഡിലാണ് അരുൺകുമാറുള്ളത്.