ഇടുക്കി : സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്ന ഭൂമിയുളള ഭവനരഹിതരുടെ ഭവനനിർമ്മാണ പൂർത്തീകരണത്തിൽ ജില്ലയ്ക്ക് മികച്ച നേട്ടം. ജില്ലയിൽ 52 ഗ്രാമാപഞ്ചായത്തുകളിലും 2 നഗരസഭകളിലുമായി ഇതുവരെ 5190 ഭവനങ്ങൾ പൂർത്തിയായി. അർഹരായ ഗുണഭോക്താക്കളിൽ 10846 പേരാണ് ഇതുവരെ കരാർവെച്ച് നിർമ്മാണം ആരംഭിച്ചത്. ബാക്കി ഭവനങ്ങൾ വിവിധ ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയായി വരുന്നു. ഇതിൽ 1142 പേർ മേൽക്കൂരവരെയും, 1825 പേർ ലിന്റൽവരെയും, 1872 പേർ തറവരെയും നിർമ്മാണം പൂർത്തീകരിച്ചവരാണ്. ഒരു കുടുംബത്തിന് 4 ലക്ഷം രൂപയാണ് ഭവനനിർമ്മാണത്തിന് ധനസഹായമായി നൽകുന്നത്. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽ ദിനങ്ങൾ നൽകുന്നതിലൂടെ 25000 രൂപയോളം അധികം ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിൽ 6.5 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ ഭവനനിർമ്മാണത്തിന് ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 120 കോടിയും ഹഡ്‌കോ വായ്പയായി 180 കോടി യും, സംസ്ഥാന ബഡ്ജറ്റ് വിഹിതമായി 50 കോടി യും ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ കരാർ ഒപ്പുവെച്ച എല്ലാ ഗുണഭോക്താക്കളുടെയും ഭവനങ്ങൾ ജനുവരി 31 നകം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.പ്രവീൺ അറിയിച്ചു.