jeeva
ജീവ

കാഞ്ചിയാർ:കഷ്ടപ്പാടുകളേയുംപരിമിതികളേയും മറികടന്ന് കാസർകോടിന്റെ കലാവേദിയിലെത്തിയ ജീവയുടെ നേട്ടത്തിന് തങ്കത്തിളക്കം.60ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് നാടകം സംസ്‌കൃതകഥാപ്രസംഗം എന്നീ ഇനങ്ങളിലാണ് ജീവ പങ്കെടുത്തത്.രണ്ടിനും എ ഗ്രേഡ് നേടി.കട്ടപ്പന നരിയംപാറ മന്നംമെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിലെ 9ാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനിയാണ് ജീവ.
കാഞ്ചിയാർ കക്കാട്ടുകട പാറയിൽ ഓമനക്കുട്ടന്റേയും സജിതയുടേയും ഏകമകൾ.ഭിന്നശേഷിക്കാരനായ അച്ഛൻ ഓമനക്കുട്ടൻ ഏറെ കഷ്ടപ്പെട്ടാണ് മകളുടെ കലയോടുള്ള അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നത്.അംഗൻവാടി മുതൽ നൃത്തത്തിലും അഭിനയത്തിലും കുട്ടിയുടെ മികവ് മനസ്സിലാക്കാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കഴിഞ്ഞിരുന്നു.സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന ജീവ ഇത് രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കട്ടപ്പനയിൽ ആർ.എൽ.വി.ഷൈബിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ പത്തു വർഷമായി നൃത്തം അഭ്യസിക്കുന്നു.നർത്തകിയാകണമെന്നതാണ് ജിവയുടെ ഏറ്റവും വലിയ മോഹം.അതുതന്നെയാണ് അച്ഛൻ ഓമനക്കുട്ടന്റേയും മോഹം.ശാരീരിക പരിമിതികളെ അതിജീവിച്ച് മകളുടെ ആഗ്രഹം സഫലമാക്കാനാകുമോ എന്നതാണ് പ്രശ്നം.അംഗപരിമിതർക്കുള്ള പ്രത്യെക ഇരുചക്രവാഹനത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റാണ് ഓമനക്കുട്ടനും കുടുംബവും കഴിയുന്നത്.