കട്ടപ്പന: പട്ടയം ക്രമീകരിക്കൽ ഉത്തരവുകളെ തുടർന്ന് ഇടുക്കി ജില്ലയിലുണ്ടായ നിർമാണ നിരോധനവും നിയമതടസങ്ങളും ചർച്ച ചെയ്യുന്നതിനായി 17ന് സർവകക്ഷിയോഗം ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം യു. ഡി. എഫ് സമരങ്ങളുടെ വിജയമാണെന്ന് ഡി. സി. സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ജില്ലാതല സത്യാഗ്രഹം, ജില്ലാ ഹർത്താൽ, ഒൻപത് കേന്ദ്രങ്ങളിൽ രാപ്പകൽ സമരം, സെക്രട്ടറിയേറ്റിനു മുമ്പിൽ ഉപവാസം, യു. ഡി. എഫ് കക്ഷികൾ ഒറ്റക്കു നടത്തിയ സമരങ്ങൾ തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങൾക്കു പുറമേ നിയമസഭയിൽ പി. ജെ ജോസഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയം, പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയുടെ സർവകക്ഷിയോഗ പ്രഖ്യാപനം, റോഷി അഗസ്റ്റിൻ എം. എൽ. എയുടെ നിരാഹാര സമരം എന്നിവയാണ് സർക്കാരിന് നിൽക്കക്കള്ളിയില്ലാതെ സർവകക്ഷിയോഗം തീയതി തീരുമാനിച്ച് വിളിച്ചുകൂട്ടാൻ നിർബന്ധിതമാക്കിയത്. സർവകക്ഷിയോഗം വിളിച്ചെങ്കിലും 1964, 1993 ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ അടുത്ത ഘട്ടമായി ഇന്നു മുതൽ 10വരെ തീയതികളിൽ ജില്ലയിലെ 55 കേന്ദ്രങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.