മുട്ടം : ഒളമറ്റം മാടപ്പറമ്പിൽ റിസോർട്ടിന് സമീപം ശനിയാഴ്ചരാത്രി അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ കണ്ടിട്ടുംഅതുവഴി വന്നപൊലീസ് വാഹനം നിർത്താതെ പോയതായി പരാതി.ഇടവെട്ടി കണ്ടെത്തുംമാക്കൽ മുഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത് .ഈരാറ്റുപേട്ടയിൽ ഉള്ള സഹോദരിയുടെ വീട്ടിൽ പോയതിനു ശേഷം തിരികെ തൊടുപുഴയ്ക്ക് വരുന്ന വഴി നിയന്ത്രണം വിട്ടാണ് ഓട്ടോറിക്ഷ മറിഞ്ഞത് .സമീപത്തെ റിസോർട്ടിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തിയവരും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കാര്യമായി പരിക്കേൽക്കാത്തവരും ചേർന്ന് അപകടത്തിൽപെട്ടവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അതുവഴി പൊലീസ് വാഹനം വന്നതെന്ന് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ പറഞ്ഞു. എന്നാൽ അപകടം കണ്ടിട്ടും പൊലീസ് വാഹനം നിർത്താതെ പോവുകയാണുണ്ടായതെന്നാണ് ആരോപണം.മുഹമ്മദിന്റെ മകൻ ഷിഹാബും ഭാര്യയും മൂന്ന് കുട്ടികളും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. പിന്നീട് അതുവഴി വന്ന തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലാണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റയാളെയും കൊണ്ട് തൊടുപുഴയ്ക്ക് വരുന്ന വഴി നിർത്താതെ പോയ പൊലീസ് വാഹനം മുൻപിൽ പോകുന്നത് കണ്ടുവെന്ന് മുഹമ്മദിന്റെ ബന്ധുക്കൾ പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. നിർത്താതെ പോയ പൊലീസ് വാഹനം ഏത് സ്റ്റേഷനിലേതാണെന്ന് വ്യക്തമായില്ലെന്ന് മുഹമ്മദിന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു.